മൂന്നരക്കോടിയുടെ മയക്കുമരുന്നുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും കൂട്ടാളിയും പിടിയിൽ
കോഴിക്കോട്: ഒളവണ്ണ ടോൾ പ്ലാസയിൽ എക്സൈസ് സംഘം നടത്തിയ വൻ ലഹരിവേട്ടയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറടക്കം രണ്ട് പേർ പിടിയിലായി. വിപണിയിൽ മൂന്നര കോടിയിലധികം രൂപ വിലമതിക്കുന്ന മാരക മയക്കുമരുന്നാണ് പിടികൂടിയത്. താമരശ്ശേരി കൈതപ്പൊയിൽ സ്വദേശിനിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഫാത്തിമ നസ്‌റിൻ (20), മലപ്പുറം കച്ചേരിക്കൽ സ്വദേശി പി.കെ. ഷഫീഖ് (35) എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. രാജസ്ഥാനിൽ നിന്നും റോഡ് മാർഗം കാറിൽ കടത്തിക്കൊണ്ടുവന്ന 3.3 കിലോഗ്രാം മെത്താഫിറ്റമിനും 56 ഗ്രാം എംഡിഎംഎ എക്സ്റ്റസി ഗുളികകളുമാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. കാറിന്റെ ബോണറ്റിനുള്ളിൽ ഡാഷ് ബോർഡിനോട് ചേർന്നുള്ള രഹസ്യ അറയിൽ ഒമ്പത് പൊതികളിലായാണ് ലഹരിമരുന്ന് സൂക്ഷിച്ചിരുന്നത്. എക്സൈസ് കമ്മീഷണറുടെ സ്ക്വാഡ്, ഇന്റലിജൻസ് വിഭാഗം, നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് എന്നിവർ സംയുക്തമായി നടത്തിയ നീക്കത്തിലാണ് വ്യാഴാഴ്ച ഉച്ചയോടെ പ്രതികൾ വലയിലായത്...