കോട്ടയം വെള്ളൂർ വടകര അരിഞ്ഞാമൂഴിയിൽ വള്ളത്തിൽ കഞ്ചാവ് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഇൻസ്റ്റഗ്രാം താരം പോലീസ് പിടിയിലായി. അരിഞ്ഞാമൂഴി സ്വദേശിയായ അഭിജിത്ത് സാബു (29) ആണ് 580 ഗ്രാം കഞ്ചാവുമായി പിടിയിലായത്. വെട്ടിക്കാട്ടുമുക്ക് പാലത്തിന് സമീപം ആറാട്ടുകടവിൽ വെച്ച് ഞായറാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം നടന്നത്. വള്ളത്തിൽ യാത്ര ചെയ്ത് ചൂണ്ടയിട്ട് മീൻ പിടിക്കുന്ന ദൃശ്യങ്ങൾ റീൽസായി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത് ഏറെ ശ്രദ്ധേയനായ ആളാണ് പിടിയിലായ അഭിജിത്ത്. കടവിൽ കെട്ടിയിട്ടിരുന്ന വള്ളത്തിലേക്ക് ഇയാൾ കയറാൻ എത്തിയ സമയത്താണ് പോലീസ് സംഘം വളഞ്ഞത്. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ വള്ളത്തിനുള്ളിലെ രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. യുവതികൾ ഉൾപ്പെടെയുള്ള നിരവധി ആവശ്യക്കാർക്ക് വിൽപന നടത്തുന്നതിനായി കരുതിയിരുന്ന കഞ്ചാവാണിതെന്ന് പോലീസ് വ്യക്തമാക്കി. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് ഡൻസാഫ് (DANSAF) അംഗങ്ങളും തലയോലപ്പറമ്പ് പോലീസും സംയുക്തമായാണ് ഈ പരിശോധന നടത്തിയത്. സംഭവത്തിൽ പ്രതിക്കെതിരെ തലയോലപ്പറമ്പ് പോലീസ് കേസെടുത്ത് തുടർ നടപടികൾ ആരംഭിച്ചു.
