Thursday, October 29News That Matters

വാഹന നികുതി കുടിശ്ശിക: ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ഉടൻ; ഗതാഗത മന്ത്രി സി.പി. ജോൺ

തിരൂരങ്ങാടി: വിവിധ കാരണങ്ങളാൽ വാഹന നികുതി അടയ്ക്കാൻ സാധിക്കാതെ വരികയും, പിഴയും പിഴപ്പലിശയും വർധിച്ച് ഭീമമായ തുക ബാധ്യതയായി മാറിയതുമൂലം പ്രതിസന്ധിയിലായ വാഹന ഉടമകൾക്ക് ആശ്വാസവുമായി ഗതാഗത വകുപ്പ്. നിശ്ചിത ശതമാനം ഇളവുകളോടെ ഒറ്റത്തവണയായി തുകയടച്ച് നിയമനടപടികളിൽ നിന്ന് ഒഴിവാകാൻ അവസരമൊരുക്കുന്ന ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി (One Time Settlement) ഉടൻ നടപ്പിലാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ അറിയിച്ചു. കാലപ്പഴക്കം ചെന്ന് വർഷങ്ങൾക്ക് മുമ്പ് പൊളിച്ചുവിറ്റ വാഹനങ്ങളുടെ അടക്കം വലിയ തുക കുടിശ്ശികയായി നിൽക്കുന്നതിനാൽ നിരവധി സാധാരണക്കാരാണ് റവന്യൂ റിക്കവറിയും ജപ്തി ഭീഷണിയും നേരിടുന്നത്. ഈ വിഷയം അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പി.എം.എ. സമീർ എം.എൽ.എയുടെ നേതൃത്വത്തിൽ മൂന്നിയൂർ സൗഹൃദ വേദി ചെയർമാൻ അഷ്റഫ് കളത്തിങ്ങൽപ്പാറ, കൺവീനർ പി.വി.പി. മുസ്തഫ എന്നിവർ ചേർന്ന് നൽകിയ നിവേദനത്തെ തുടർന്നാണ് ഗതാഗത വകുപ്പിന്റെ ഈ നിർണായക തീരുമാനം. തിരൂരങ്ങാടി താലൂക്കിൽ മാത്രം അയ്യായിരത്തിലേറെ കേസുകളാണ് ഇത്തരത്തിലുള്ളത്. പുതിയ തീരുമാനത്തോടെ വർഷങ്ങളായി നിയമക്കുരുക്കിലും സാമ്പത്തിക പ്രതിസന്ധിയിലും വലഞ്ഞ സാധാരണക്കാരായ ആയിരക്കണക്കിന് വാഹന ഉടമകൾക്ക് വലിയ ആശ്വാസമാകും ലഭിക്കുക. ഇളവുകളുടെ ശതമാനവും പദ്ധതിയുടെ സമഗ്രമായ മാർഗ്ഗനിർദ്ദേശങ്ങളും ഉടൻ പുറത്തിറക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version