Thursday, October 29News That Matters

ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് കൈത്താങ്ങായി CBIC: 850 കുട്ടികള്‍ക്ക് സമഗ്ര തെറാപ്പി സേവനങ്ങള്‍ നല്‍കി

ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സമഗ്രവും സംയോജിതവുമായ പരിചരണവും പുനരധിവാസ സേവനങ്ങളും ലഭ്യമാക്കുന്നതിനായി പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച കമ്യൂണിറ്റി ബേസ്ഡ് ഇന്റര്‍വെന്‍ഷന്‍ സെന്റര്‍ (സി.ബി.ഐ.സി) ശ്രദ്ധേയമാകുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ സെന്ററിലൂടെ എണ്ണൂറിലധികം കുട്ടികള്‍ക്കാണ് സൗജന്യമായി തെറാപ്പി സേവനങ്ങള്‍ നല്‍കിയത്. എടപ്പാള്‍, തവനൂര്‍, വട്ടംകുളം, കാലടി എന്നീ ഗ്രാമപഞ്ചായത്തുകള്‍, ആരോഗ്യവകുപ്പ്, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ എന്നിവരുടെ സഹകരണത്തോടെ എടപ്പാള്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലാണ് സി.ബി.ഐ.സി പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി 60 ലക്ഷത്തോളം രൂപയാണ് പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ഈ പദ്ധതിക്കായി വകയിരുത്തിയത്.

പ്രധാനമായും 12 വയസ്സുവരെയുള്ള ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളെ കേന്ദ്രീകരിച്ചാണ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ഓട്ടിസം, ശ്രദ്ധക്കുറവ്, സെറിബ്രല്‍ പാള്‍സി, പഠനവൈകല്യങ്ങള്‍, സംസാര വൈകല്യങ്ങള്‍ തുടങ്ങിയവ നേരിടുന്ന കുട്ടികള്‍ക്ക് ആവശ്യമായ പരിശോധനകളും പരിചരണവും ഇവിടെ സൗജന്യമായി ലഭ്യമാക്കുന്നു. സൈക്കോളജിസ്റ്റ്, സ്പീച്ച് ലാംഗ്വേജ് തെറാപ്പിസ്റ്റ്, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍, ഫിസിയോതെറാപ്പിസ്റ്റ് എന്നിവരുടെ സേവനങ്ങള്‍ക്ക് പുറമെ പീഡിയാട്രിക് ഓഡിയോളജി വിഭാഗവും നിലവില്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. സമൂഹത്തില്‍ പ്രയാസങ്ങള്‍ അനുഭവിക്കുന്ന കുട്ടികളെ കണ്ടെത്തി ആവശ്യമായ ചികിത്സയും പിന്തുണയും നല്‍കി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആര്‍. ഗായത്രി പറഞ്ഞു. സി.ബി.ഐ.സി.യുടെ പ്രവര്‍ത്തനങ്ങള്‍ ഭാവിയില്‍ കൂടുതല്‍ വിപുലീകരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സേവനങ്ങള്‍ ആവശ്യമുള്ളവര്‍ എടപ്പാള്‍ സി.എച്ച്.സിയിലെ സി.ബി.ഐ.സി.യുമായി ബന്ധപ്പെടേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version