തൃശൂർ: കോടാലിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന എട്ടു വയസുകാരൻ പാമ്പുകടിയേറ്റ് മരിച്ചു. കോടാലി സ്വദേശി ആൽജോ ആണ് മരിച്ചത്. ആൽജോയുടെ ജ്യേഷ്ഠ സഹോദരൻ അനോജിനും പാമ്പുകടിയേറ്റു. അനോജ് നിലവിൽ അപ്പോളോ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ശനിയാഴ്ച രാത്രി രണ്ട് മണിയോടെയാണ് കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തലേദിവസം അവക്കാഡോ ജ്യൂസ് കുടിച്ച ശേഷം കിടന്നുറങ്ങിയ കുട്ടികൾക്ക് രാത്രി അസ്വസ്ഥത ഉണ്ടായപ്പോൾ ഭക്ഷ്യവിഷബാധയാണെന്നാണ് വീട്ടുകാർ ആദ്യം കരുതിയത്. തുടർന്ന് കുട്ടികളെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പരിശോധിച്ചപ്പോഴാണ് പാമ്പുകടിയേറ്റതാണെന്ന് വ്യക്തമായത്. കുട്ടികളുടെ ശരീരത്തിൽ കടിയേറ്റ പാടുകളും കണ്ടെത്തിയിരുന്നു. ചികിത്സയിലിരിക്കെയാണ് ആൽജോ മരണത്തിന് കീഴടങ്ങിയത്. പിന്നീട് നാട്ടുകാരും ബന്ധുക്കളും ചേർന്ന് വീടിനുള്ളിൽ നടത്തിയ തിരച്ചിലിലാണ് കുട്ടികൾ കിടന്നിരുന്ന മുറിയിലെ തലയണയ്ക്ക് അടിയിൽ നിന്ന് പാമ്പിനെ കണ്ടെത്തിയത്. ഏറെ അപകടകാരിയായ ‘ശങ്കുവരയൻ’ (വെള്ളിക്കെട്ടൻ) ഇനത്തിൽപ്പെട്ട പാമ്പാണ് കുട്ടികളെ കടിച്ചതെന്ന് സ്ഥിരീകരിച്ചു. അനോജിന്റെ ജീവൻ രക്ഷിക്കാനുള്ള തീവ്രശ്രമത്തിലാണ് ഡോക്ടർമാർ. ഉറക്കത്തിൽ പാമ്പുകടിയേൽക്കുന്നത് തിരിച്ചറിയാൻ വൈകിയത് ദുരന്തത്തിന്റെ ആഘാതം വർധിപ്പിച്ചു.
