കൊച്ചി: മുവാറ്റുപുഴ വളയൻചിറങ്ങരയിൽ കനാലിൽ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു. കണ്ടന്തറ മഞ്ചേരിമുക്ക് കോസർണ വീട്ടിൽ റിനാസ് (15) ആണ് മരണപ്പെട്ടത്. പെരുമ്പാവൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു റിനാസ്. ബുധനാഴ്ച എസ്.എസ്.എൽ.സി പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം സുഹൃത്തുക്കളോടൊപ്പം വളയൻചിറങ്ങര ഐ.ടി.സിക്ക് പിന്നിലുള്ള പെരിയാർവാലി കനാലിൽ കുളിക്കാൻ പോയതായിരുന്നു. വെള്ളം നിറഞ്ഞ വലിയ കനാലിൽ ശക്തമായ ഒഴുക്കുണ്ടായിരുന്നതായും റിനാസിന് നീന്തൽ അറിയില്ലായിരുന്നുവെന്നുമാണ് ലഭ്യമാകുന്ന വിവരം. കുളിക്കാനിറങ്ങിയ റിനാസ് ഒഴുക്കിൽപ്പെട്ടതോടെ സുഹൃത്തുക്കൾ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് നാട്ടുകാരും പട്ടിമറ്റത്ത് നിന്നെത്തിയ അഗ്നിരക്ഷാ സേനയും ചേർന്ന് നടത്തിയ തിരച്ചിലിൽ കുറച്ചകലെയുള്ള കടവിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം നിലവിൽ പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വ്യാഴാഴ്ച കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകും. മാതാവ് ജാസ്മിനോടൊപ്പം വാടക വീട്ടിലായിരുന്നു റിനാസ് താമസിച്ചിരുന്നത്. പരീക്ഷാ ചൂടിൽ നിന്ന് ആശ്വാസം തേടി സുഹൃത്തുക്കൾക്കൊപ്പം പോയ വിദ്യാർത്ഥിയുടെ അപ്രതീക്ഷിത വിയോഗം നാടിനെയാകെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
