വേങ്ങര: വേങ്ങര ടൗണിൽ കേടായ തെരുവ് വിളക്കുകൾ അടിയന്തരമായി നന്നാക്കണമെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (കെ.വി.വി.ഇ.എസ്.) വേങ്ങര യൂണിറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകി. അമ്മാഞ്ചേരി കാവ് മുതൽ ബ്ലോക്ക് റോഡ് വരെയുള്ള ഭാഗത്തെ തെരുവ് വിളക്കുകൾ പ്രകാശിക്കാത്തത് മൂലം രാത്രികാലങ്ങളിൽ ടൗൺ പൂർണ്ണമായും ഇരുട്ടിലാകുന്ന സാഹചര്യത്തിലാണ് വ്യാപാരികൾ നിവേദനം സമർപ്പിച്ചത്. വെളിച്ചമില്ലാത്തത് യാത്രക്കാർക്കും രാത്രികാലങ്ങളിൽ കച്ചവടം നടത്തുന്ന വ്യാപാരികൾക്കും വലിയ സുരക്ഷാ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. ഇരുട്ടിന്റെ മറവിലുണ്ടാകാനിടയുള്ള അപകടങ്ങൾ ഒഴിവാക്കുന്നതിനായി അടിയന്തര നടപടി സ്വീകരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു. വേങ്ങര ഗ്രാമപഞ്ചായത്ത് ഓഫീസിൽ വെച്ച് പ്രസിഡന്റ് എൻ.ടി. നാസറിനാണ് (കുഞ്ഞുട്ടി) ഭാരവാഹികൾ നിവേദനം കൈമാറിയത്. കെ.വി.വി.ഇ.എസ്. വേങ്ങര യൂണിറ്റ് പ്രസിഡന്റ് സൈനുദ്ധീൻ ഹാജി, ജനറൽ സെക്രട്ടറി ശിവശങ്കരൻ നായർ, ട്രഷറർ എൻ. മൊയ്തീൻ ഹാജി, വൈസ് പ്രസിഡന്റ് ടി.കെ. കുഞ്ഞുട്ടി, സെക്രട്ടറി ഇബ്രാഹിം വെട്ടിക്കാട്ടിൽ എന്നിവർ ചേർന്നാണ് നിവേദനം സമർപ്പിച്ചത്. പ്രശ്നത്തിന്റെ ഗൗരവം ഉൾക്കൊണ്ട്, വിഷയം ഉടൻ പരിശോധിച്ച് എത്രയും വേഗം മുഴുവൻ തെരുവ് വിളക്കുകളും നന്നാക്കി ടൗണിൽ വെളിച്ചം ഉറപ്പാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഭാരവാഹികൾക്ക് ഉറപ്പുനൽകി.
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GhhH756JcVh4D0k6AwPlJJ?s=cl&p=a&ilr=4&amv=3
