വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന ഭിന്നശേഷി ക്ഷേമ കാൾ സെന്ററിന്റെ അവലോകന യോഗം പഞ്ചായത്ത് ഭരണസമിതി സംഘടിപ്പിച്ചു.പഞ്ചായത്തിലെ എല്ലാ വാർഡുകളിലെയും മെമ്പർമാർ, ആശാ വർക്കർമാർ, അങ്കണവാടി ടീച്ചർമാർ എന്നിവരുടെ സഹകരണത്തോടെ തയ്യാറാക്കിയ പട്ടികയിലെ ഭിന്നശേഷിക്കാരെ നേരിട്ട് ഫോണിൽ ബന്ധപ്പെടുകയും അവരുടെ ക്ഷേമവിവരങ്ങൾ അന്വേഷിക്കുകയും ആവശ്യങ്ങളും നിർദേശങ്ങളും ശേഖരിക്കുകയും ചെയ്തിരുന്നു. ഇത്തരത്തിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ ആസൂത്രണം ചെയ്യുന്നതിനായാണ് അവലോകന യോഗം ചേർന്നത്.ആദ്യഘട്ട നടപടിയായി, ഭിന്നശേഷി മെഡിക്കൽ സർട്ടിഫിക്കറ്റ് ലഭിക്കാത്തവർക്കും മെഡിക്കൽ സർട്ടിഫിക്കറ്റ് ഉണ്ടായിട്ടും UDID കാർഡ് ലഭിക്കാത്തവർക്കുമായി പ്രത്യേക രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. കൂടാതെ, കാൾ സെന്റർ വഴി ലഭിച്ച മറ്റ് നിർദേശങ്ങളും പരാതികളും പരിഗണിച്ച് വിവിധ ക്ഷേമ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനുള്ള നടപടികൾക്കും രൂപം നൽകി.യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് എൻ.ടി. അബ്ദുൽ നാസർ, വൈസ് പ്രസിഡന്റ് ഫാത്തിമ ജലീൽ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സബ്ന ഇബ്രാഹീം എ.കെ., വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാദിഖ് കോടിയാട്ട്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.ടി. മൊയ്തീൻ, വിവിധ വാർഡുകളിലെ മെമ്പർമാർ എന്നിവർ പങ്കെടുത്തു.കാൾ സെന്ററിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പ്രിൻസി ടി., പുതുപ്പറമ്പ് ഗവൺമെന്റ് പോളിടെക്നിക് കോളേജിലെ വിദ്യാർത്ഥികളായ അർച്ചന കെ., ജുമാന ഹസീൻ, ഫാത്തിമ ഹംന, പ്രയദർശിനി കോളേജിലെ വിദ്യാർത്ഥികളായ ഫാത്തിമ സഫ്ല, സിബിൽ സെറിൻ എന്നിവരും യോഗത്തിൽ റിപ്പോർട്ട് അവതരിപ്പിച്ചു
