Sunday, May 24News That Matters

എസി ആഡംബരമല്ല അതിജീവനമാണ്; പെൻഷൻ മാനദണ്ഡങ്ങൾ മാറ്റിയെഴുതുക.

കേരളത്തിലെ കഠിനമായ ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തിൽ, സാമൂഹിക സുരക്ഷാ പെൻഷൻ മാനദണ്ഡങ്ങളിൽ കാലാനുസൃതമായ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് തദ്ദേശ സ്വയംഭരണ മന്ത്രി കെ.എം. ഷാജിക്ക് പെരുമണ്ണ ക്ലാരി പഞ്ചായത്ത് പ്രസിഡന്റ് സി.സി. സാഹിറ പരാതി നൽകി. പ്രായമായവർക്കും കിടപ്പുരോഗികൾക്കും ആരോഗ്യാവസ്ഥ മുൻനിർത്തി എയർ കണ്ടീഷണറുകൾ (എസി) ഇന്ന് പല വീടുകളിലും അനിവാര്യതയായി മാറിയിരിക്കുകയാണ്. എന്നാൽ, വീട്ടിൽ എസി ഉണ്ടെന്ന ഒരൊറ്റ കാരണത്താൽ പാവപ്പെട്ടവരുടെ സാമൂഹിക സുരക്ഷാ പെൻഷൻ തടയുന്ന നിലവിലെ അവസ്ഥ മാറണമെന്നും നിയമങ്ങൾ പരിഷ്കരിക്കണമെന്നും പരാതിയിൽ വ്യക്തമാക്കുന്നു. ഭർത്താവ് ജീവിച്ചിരുന്ന സമയത്ത് നിർമിച്ച വീടിന്റെ വിസ്തീർണം (സ്ക്വയർ ഫീറ്റ്) മാനദണ്ഡമായി കണക്കാക്കി വിധവ പെൻഷൻ നിഷേധിക്കുന്ന രീതി അവസാനിപ്പിക്കണമെന്നും, ഇതിനായി വീടിന്റെ സ്ക്വയർ ഫീറ്റ് പരിധി ഉയർത്തണമെന്നും പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടു. കൂടാതെ, സാങ്കേതികവും നിയമപരവുമായ നൂലാമാലകളിൽ കുടുങ്ങി പഞ്ചായത്ത് ആസ്തിയിൽ ഉൾപ്പെടുത്താൻ കഴിയാതെ കിടക്കുന്ന നിരവധി റോഡുകളുടെയും ഇടവഴികളുടെയും പ്രശ്ന പരിഹാരത്തിനായി നിലവിലെ നിയമങ്ങൾ ലഘൂകരിക്കണമെന്നും പരാതിയിലുണ്ട്. യുവാക്കളുടെ കായികക്ഷമത വർധിപ്പിക്കുന്നതിനായി പഞ്ചായത്തുകളിൽ കളിസ്ഥലങ്ങൾ നിർമിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും മന്ത്രിയോട് ആവശ്യപ്പെട്ടു. പെരുമണ്ണ ക്ലാരി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് സി.കെ.എ. റസാഖ്, ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺ സൈനബ ചെമ്മീളി എന്നിവരും പരാതി സമർപ്പിക്കുന്ന വേളയിൽ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version