കോഴിക്കോട്: കുന്ദമംഗലത്ത് നിന്ന് സ്കൂട്ടർ മോഷ്ടിച്ച കേസിൽ മലപ്പുറം തിരൂരങ്ങാടി സ്വദേശിയായ യുവാവിനെ ഒരു വർഷത്തിന് ശേഷം പോലീസ് പിടികൂടി. തിരൂരങ്ങാടി എരഞ്ഞിക്കൽ വീട്ടിൽ സഹദി (30) നെയാണ് കുന്ദമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. 2025 മെയ് മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. കുന്ദമംഗലം മുട്ടാഞ്ചേരി സ്വദേശിയായ ഷുക്കൂറിന്റെ ഉടമസ്ഥതയിലുള്ള കെ.എൽ 57 കെ 3735 നമ്പർ സ്കൂട്ടർ പടനിലത്തുള്ള ദീനാർ ഹോട്ടലിന് മുൻവശത്ത് നിന്നാണ് മോഷണം പോയത്. ഉടമയുടെ പരാതിയെ തുടർന്ന് കുന്ദമംഗലം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. കഴിഞ്ഞ ദിവസം പുലർച്ചെ തിരൂരങ്ങാടി പോലീസ് സ്റ്റേഷനിലെ നൈറ്റ് പട്രോളിംഗ് സംഘമാണ് പ്രതിയെ വലയിലാക്കിയത്. റോഡരികിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട സഹദിനെ തടഞ്ഞുനിർത്തി വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഓടിച്ചിരുന്ന സ്കൂട്ടർ മോഷ്ടിച്ചതാണെന്ന വിവരം പുറത്തുവന്നത്. വാഹനം കുന്ദമംഗലത്ത് നിന്ന് കടത്തിയതാണെന്ന് വ്യക്തമായതോടെ തിരൂരങ്ങാടി പോലീസ് കുന്ദമംഗലം പോലീസിൽ വിവരമറിയിക്കുകയും അവർ സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
