പരപ്പനങ്ങാടി: ആനങ്ങാടി ബീച്ചിൽ ഫിഷിങ് ഹാർബർ യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഡെവലപ്‌മെന്റ് ഫോറം (കെ.ഡി.എഫ്) ഭാരവാഹികൾ തുറമുഖ മന്ത്രി വി.എൻ. വാസവന് നിവേദനം സമർപ്പിച്ചു. കേരളത്തിലെ ആദ്യത്തെ ഫിഷ് ലാൻഡിങ് സെന്ററായി മുൻ മുഖ്യമന്ത്രി കെ. കരുണാകരൻ ഉദ്ഘാടനം ചെയ്ത പദ്ധതി വർഷങ്ങൾ കഴിഞ്ഞിട്ടും നടപ്പിലാക്കാത്ത സാഹചര്യത്തിലാണ് ഭാരവാഹികൾ മന്ത്രിയെ കണ്ടത്. വിഴിഞ്ഞം തുറമുഖത്തിന്റെ ചരക്ക് നീക്കങ്ങളുമായി ബന്ധപ്പെട്ട് ബേപ്പൂർ തുറമുഖം വികസിപ്പിക്കുന്നതോടെ മത്സ്യത്തൊഴിലാളികളുടെ പ്രവേശനം തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് നിവേദന സംഘം ചൂണ്ടിക്കാട്ടി. കടലോര മക്കളുടെ ഈ പ്രയാസം പരിഹരിക്കാൻ ആനങ്ങാടി ഫിഷ് ലാൻഡിങ് സെന്ററിന്റെ പ്രവർത്തനം എത്രയും വേഗം യാഥാർത്ഥ്യമാക്കണമെന്ന് സംഘം മന്ത്രിയോട് ആവശ്യപ്പെട്ടു. വിഷയം അന്വേഷിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പുനൽകി. കെ.ഡി.എഫ് ഭാരവാഹികളായ പി.എൻ. അബ്ദുൽ അസീസ് കടലുണ്ടി, സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത്, പി.പി. സുബൈർ ആനങ്ങാടി, നസറുദ്ദീൻ തങ്ങൾ കൊട്ടന്തല, ഷൈനി പട്ടാളത്തിൽ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.
