ആലപ്പുഴ: ആലപ്പുഴ കുട്ടനാട് പച്ചയിൽ എടിഎം തകര്‍ത്ത് മോഷണ ശ്രമം. പച്ചയിലെ ഫെഡറൽ ബാങ്കിന്‍റെ പച്ച ചെക്കിടിക്കാട് ശാഖയിലെ എടിഎം തകര്‍ക്കാനാണ് ശ്രമം നടന്നത്. ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. എ ടി എം തകർക്കുന്നതിനിടെ ബാങ്ക് ഹെഡ് ഓഫീസിൽ ലഭിച്ച സിഗ്നലിനെ തുടർന്ന് അധികൃതർ പൊലീസുമായി ബന്ധപ്പെടുകയായിരുന്നു ,ഉടൻ തന്നെ പൊലീസ് സംഭവ സ്ഥലത്ത് എത്തിയെങ്കിലും അപ്പോഴേക്കും മോഷ്ടാവ് ശ്രമം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് പൊലീസ് പച്ചയിലെ ബാങ്ക് ജീവനക്കാരെ വിളിച്ചു വരുത്തിയ ശേഷം സി സി ടി വി ദൃശ്യം പരിശോധിച്ചു. റെയിൻകോട്ട് കൊണ്ട് ശരീരം പൂർണ്ണമായി മറച്ച വ്യക്തി കൃത്യം നടത്തിയശേഷം റോഡിന് കുറുകെ ഇടവഴയിലൂടെ നടന്നു പോകുന്നതായി ദൃശ്യത്തിലുണ്ട്. മറ്റ് സി സി ടി വി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നു. സംഭവത്തിൽ മോഷണശ്രമത്തിന് പൊലീസ് കേസെടുത്തു. കൂടുതൽ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് പ്രതിയെ പിടികൂടാനുള്ള ഊര്‍ജിത ശ്രമത്തിലാണ് പൊലീസ്. കഴിഞ്ഞ ഏപ്രിലിൽ മലപ്പുറം മഞ്ചേരിയിൽ എടിഎം തകര്‍ത്ത് കവര്‍ച്ചാ ശ്രമം നടത്തിയ പ്രതിയെ പൊലീസ് പിടികൂടിയിരുന്നു. മറ്റൊരു കേസിലെ സിസിടവി ദൃശ്യങ്ങള്‍ ഒത്തുനോക്കിയാണ് പ്രതിയെ പൊലീസ് പിടികൂടിയത്. മഞ്ചേരി മഞ്ഞപ്പറ്റ തോട്ടുപൊയിൽ ചെറാകുത്ത് സബ്‌സ്റ്റേഷനു സമീപം താമസിക്കുന്ന ഫായിസിനെയാണ് (27) മഞ്ചേരി എസ്‌ഐ ജസ്റ്റിന്റെ നേതൃത്വത്തിൽ പിടികൂടിയത്.