കുന്നമംഗലം: ദേശീയപാതയിൽ പതിനൊന്നാം മൈലിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു. നിയന്ത്രണം വിട്ട കാറും പിക്കപ്പ് വാനും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാർ യാത്രക്കാരായ രണ്ടുപേരും പിക്കപ്പ് വാൻ ഡ്രൈവറുമാണ് മരണപ്പെട്ടത്.കൊടുവള്ളി വാവാട് സ്വദേശി നിഹാൽ (27), ഇങ്ങാപ്പുഴ സ്വദേശി സുബിക്, വയനാട് പൊഴുതന സ്വദേശി സമീർ എന്നിവരാണ് അപകടത്തിൽ മരിച്ചത്. അപകടത്തിൽ പിക്കപ്പിലുണ്ടായിരുന്ന സഹയാത്രികൻ വയനാട് പൊഴുതന സ്വദേശി സഫീഖിന് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.അപകടത്തെത്തുടർന്ന് തകർന്ന വാഹനങ്ങളിൽ നിന്ന് ഏറെ പരിശ്രമിച്ചാണ് നാട്ടുകാരും പോലീസും ചേർന്ന് ആളുകളെ പുറത്തെടുത്തത്. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ കുന്നമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
