Thursday, January 15News That Matters

രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കൽ: സഭയ്ക്കകത്തുനിന്ന് പരാതി ലഭിച്ചാൽ എത്തിക്‌സ് കമ്മിറ്റിക്ക് കൈമാറുമെന്ന് സ്പീക്കർ

ബലാത്സംഗക്കേസിൽ പൊലീസ് കസ്റ്റഡിയിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അയോഗ്യനാക്കുന്നത് സംബന്ധിച്ച് സഭയ്ക്ക് അകത്തുള്ള സാമാജികർ പരാതി നൽകിയാൽ അത് പ്രിവിലേജസ് ആൻഡ് എത്തിക്‌സ് കമ്മിറ്റിക്ക് കൈമാറുമെന്ന് സ്പീക്കർ എ എൻ ഷംസീർ. പുറത്തുനിന്ന് വരുന്ന പരാതികളിൽ നടപടി എടുക്കാൻ നിയമസഭയ്ക്ക് സാധിക്കില്ലെന്നും ഇത്തരം തീരുമാനങ്ങൾ അതീവ ജാഗ്രതയോടെ മാത്രമേ കൈക്കൊള്ളാൻ കഴിയൂ എന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുൻകാലങ്ങളിൽ ഒരു എംഎൽഎക്കെതിരെയും ഇത്തരത്തിലുള്ള പരാതികൾ ഉയർന്നിട്ടില്ലാത്തതിനാൽ സഭയ്ക്ക് ഇക്കാര്യത്തിൽ മുൻപരിചയമില്ലെന്നും എത്തിക്‌സ് ആൻഡ് പ്രിവിലേജസ് കമ്മിറ്റിയുടെ റിപ്പോർട്ടിന്മേൽ സ്പീക്കറാണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള കേസുകൾ നിയമസഭയുടെ അന്തസ്സിന് കളങ്കം വരുത്തിയിട്ടില്ലെന്ന് പറഞ്ഞ സ്പീക്കർ, ആദ്യം സ്ത്രീകളെ ബഹുമാനിക്കാൻ പഠിക്കണമെന്നും അത് ഓരോ വ്യക്തിയും ചിന്തിക്കേണ്ട കാര്യമാണെന്നും ഓർമ്മിപ്പിച്ചു. ഒരു കൊട്ടയിലെ ഒരു മാങ്ങ ചീഞ്ഞതാണെന്ന് കരുതി മുഴുവൻ മാങ്ങയും ചീത്തയാകില്ലെന്നും ഇത്തരം പ്രവർത്തികൾ ചെയ്യുന്നവരെ സമൂഹം ബഹിഷ്‌കരിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എംഎൽഎ സ്ഥാനം രാജിവെയ്ക്കണമോ എന്നത് ആ വ്യക്തിയുടെ തീരുമാനമാണെന്നും ജാമ്യം ലഭിച്ചാൽ അദ്ദേഹം സഭയിൽ എത്തണമോ എന്ന കാര്യം പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്നും ഷംസീർ പറഞ്ഞു. സംസ്ഥാന നിയമസഭാ സമ്മേളനം ഈ മാസം 20 മുതൽ ആരംഭിക്കുമെന്നും സ്പീക്കർ അറിയിച്ചു. ജനുവരി 26-നാണ് ബജറ്റ് അവതരിപ്പിക്കുന്നത്. ആകെ 32 ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനം മാർച്ച് 26-ന് അവസാനിക്കും. സഭാ സമ്മേളനം സമാധാനപരമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഭരണ-പ്രതിപക്ഷ കക്ഷികൾ ഇതുവരെ സഹകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, നിയമസഭാ പുസ്തകോത്സവത്തിന്റെ അഞ്ചാമത് എഡിഷൻ 2027 ജനുവരിയിൽ നടക്കുമെന്നും സ്പീക്കർ എ എൻ ഷംസീർ പ്രഖ്യാപിച്ചു.

🔴കൂടുതൽ വാർത്തകൾ വേഗത്തിൽ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക:

👉 ഇവിടെ ക്ലിക്ക് ചെയ്യുക

*നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും* 🪀 http://wa.me/917510488184

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version