Sunday, March 1News That Matters

വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ സ്ലാബ് തകർന്നുവീണ് മൂന്ന് ചുമട്ടുതൊഴിലാളികൾ മരിച്ചു

കോഴിക്കോട്: വലിയങ്ങാടിയിൽ എഴുപത് വർഷത്തോളം പഴക്കമുള്ള കെട്ടിടത്തിന്റെ സ്ലാബ് തകർന്നുവീണ് മൂന്ന് ചുമട്ടുതൊഴിലാളികൾക്ക് ദാരുണാന്ത്യം. കിനാശ്ശേരി സ്വദേശി ജബ്ബാർ, അത്തോളി സ്വദേശികളായ അഷ്റഫ്, ബഷീർ എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ മറ്റ് രണ്ട് പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുൻപ് പാസ്‌പോർട്ട് ഓഫീസ് പ്രവർത്തിച്ചിരുന്ന കോർപ്പറേഷൻ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് അപകടമുണ്ടായത്. തൊഴിലാളികൾ വിശ്രമിക്കുന്ന സമയത്ത് മുകളിലെ സ്ലാബ് ഇടിഞ്ഞുവീഴുകയായിരുന്നു. അഞ്ച് തൊഴിലാളികളാണ് അപകടസമയത്ത് സ്ലാബിനടിയിൽ കുടുങ്ങിയത്. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് ഇവരെ പുറത്തെടുത്ത് ഉടൻ ബീച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂന്ന് പേരുടെ ജീവൻ രക്ഷിക്കാനായില്ല. മരിച്ച അഷ്റഫും ബഷീറും ഗാമ ട്രേഡേഴ്സ് എന്ന സ്ഥാപനത്തിലെ തൊഴിലാളികളാണ്. കെട്ടിടത്തിന്റെ കാലപ്പഴക്കം സംബന്ധിച്ച് നേരത്തെ തന്നെ ആശങ്കകൾ നിലനിന്നിരുന്നു. പൊളിച്ചുനീക്കാൻ നിർദ്ദേശമുണ്ടായിരുന്ന കെട്ടിടത്തിൽ രണ്ടാഴ്ച മുൻപ് പുതിയ സ്ഥാപനം തുടങ്ങാൻ അനുമതി നൽകിയത് വലിയ വിവാദത്തിന് വഴിവെച്ചിട്ടുണ്ട്. കോർപ്പറേഷന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അനാസ്ഥയാണിതെന്ന് പ്രതിപക്ഷ നേതാവ് എസ്.വി. സയ്യിദ് ഷമീൽ മുഹമ്മദ് ആരോപിച്ചു. ഫിറ്റ്‌നസ് ഇല്ലാത്ത കെട്ടിടങ്ങൾക്ക് ലൈസൻസ് നൽകരുതെന്ന ആവശ്യം അവഗണിച്ചതാണ് അപകടത്തിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, സംഭവത്തിൽ കോർപ്പറേഷന് എവിടെയാണ് വീഴ്ച പറ്റിയതെന്ന് പരിശോധിക്കുമെന്ന് മേയർ ഒ. സദാശിവൻ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version