Thursday, April 16News That Matters

കൂട്ടുമൂച്ചിയിലെ മദ്യവിൽപ്പനശാല: പരാതിയുമായി മന്ത്രി എം.ബി. രാജേഷിനെ കണ്ട് ആക്ഷൻ കമ്മിറ്റി

തിരൂരങ്ങാടി: കൂട്ടുമൂച്ചി – അത്താണിക്കൽ റോഡിലെ ജനവാസ മേഖലയിൽ പ്രവർത്തിക്കുന്ന മദ്യവിൽപ്പനശാല നാട്ടുകാരുടെ ജീവിതം ദുസ്സഹമാക്കുന്നതിനെതിരെ എക്സൈസ്-തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷിന് പരാതി നൽകി. ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ തിരുവനന്തപുരത്തെ മന്ത്രിയുടെ ഓഫീസിലെത്തി നേരിൽ കണ്ടാണ് കാര്യങ്ങൾ ബോധിപ്പിച്ചത്. പരാതി വിശദമായി പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി. യാതൊരു മുന്നറിയിപ്പുമില്ലാതെ ജനനിബിഡമായ മേഖലയിലേക്ക് മാറ്റിസ്ഥാപിച്ച മദ്യവിൽപ്പനശാല മദ്യപാനികളുടെ താവളമായി മാറിയിരിക്കുകയാണ്. രാത്രി വൈകിയും മദ്യപാനികൾ സമീപത്തെ വീടുകളിലേക്ക് അതിക്രമിച്ചു കയറി അസഭ്യം പറയുന്നതും പറമ്പുകളിൽ ഇരുന്ന് മദ്യപിക്കുന്നതും പതിവായിരിക്കുകയാണ്. വൈകുന്നേരങ്ങളിൽ സ്കൂൾ കുട്ടികളടക്കമുള്ളവർക്ക് ഇവർ ശല്യമാകുന്നുവെന്നും ആക്ഷൻ കമ്മിറ്റി മന്ത്രിയെ ധരിപ്പിച്ചു. കൂടാതെ, മദ്യവിൽപ്പനശാലയോട് ചേർന്ന് അനധികൃതമായി ബാർ സൗകര്യം പോലെ പ്രവർത്തിക്കുന്നതായും പരാതിയുണ്ട്. ഗ്യാസ് സ്റ്റൗ അടക്കം ഉപയോഗിച്ച് ഭക്ഷണസാധനങ്ങൾ പാകം ചെയ്തു വിളമ്പുന്നത് വലിയ അപകടസാധ്യതയാണ് ഉയർത്തുന്നത്. പൊതുസ്ഥലത്തെ മദ്യപാനം നിയമവിരുദ്ധമാണെങ്കിലും ഈ മേഖലയിൽ മദ്യപാനികൾ സൈ്വരവിഹാരം നടത്തുകയാണെന്ന് നാട്ടുകാർ പറയുന്നു. ഒരു മാസം മുൻപ് രൂപീകരിച്ച ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം ശക്തമാക്കുന്നത്. കോർഡിനേറ്റർ പി.എൻ. അസീസ് കടലുണ്ടി, രക്ഷാധികാരി അബ്ദുറഹീം പൂക്കത്ത്, എക്സിക്യൂട്ടീവ് അംഗങ്ങളായ സുബൈർ പി.പി, അബ്ദുൽ ഷുക്കൂർ പി.എം എന്നിവരാണ് മന്ത്രിയെ കണ്ട സംഘത്തിലുണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version