പെരുവള്ളൂർ: വിസ്ഡം എഡ്യൂക്കേഷണൽ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (വെഫി) യുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച മാതൃകാ പരീക്ഷ ‘എക്സലൻസി ടെസ്റ്റ്’ തേഞ്ഞിപ്പലം ഡിവിഷനിൽ വിജയകരമായി പൂർത്തിയായി. ഡിവിഷന് കീഴിലെ 11 കേന്ദ്രങ്ങളിലായി നടന്ന പരീക്ഷയിൽ ആയിരത്തോളം വിദ്യാർത്ഥികളാണ് പങ്കാളികളായത്. മാതൃകാ പരീക്ഷയ്ക്ക് പുറമെ, പരീക്ഷാപ്പേടി അകറ്റാൻ സഹായിക്കുന്ന ‘എക്സാം ടാക്ലിങ് സെഷൻ’, സബ്ജക്ട് എക്സ്പോ എന്നിവയും ഇതിന്റെ ഭാഗമായി നടന്നു. പെരുവള്ളൂർ നടുക്കര ജി.എൽ.പി. സ്കൂളിൽ നടന്ന ഡിവിഷൻ തല ഉദ്ഘാടനം കാലിക്കറ്റ് യൂണിവേഴ്സിറ്റി സയൻസ് വിഭാഗം ഡീൻ പ്രൊഫ. ഡോ. എം.എം. മുസ്തഫ നിർവഹിച്ചു. ആധുനിക വിദ്യാഭ്യാസ കാലഘട്ടത്തിൽ ഇത്തരം പരിശീലന പരിപാടികൾ വിദ്യാർത്ഥികൾക്ക് നൽകുന്ന ആത്മവിശ്വാസം വലുതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഗ്ലോബൽ ലോജിക് അസോസിയേറ്റ് കൺസൾട്ടൻ്റ് ഗുൽസാർ അമ്പലവൻ വിദ്യാർത്ഥികൾക്കായി പ്രത്യേക സെഷൻ നയിച്ചു. ഡിവിഷൻ സെക്രട്ടറി ഡോ. മുഹമ്മദ് ഷഫീഖ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സംഘാടക സമിതി ഭാരവാഹികളായ മുഹമ്മദ് ജാബിർ, അൽത്താഫ് പി., മുഹമ്മദ് ആദിൽ ആമീൻ, ജാബിർ മുഈനി തുടങ്ങിയവർ സംസാരിച്ചു. വരാനിരിക്കുന്ന പൊതുപരീക്ഷകളിൽ മികച്ച വിജയം കൈവരിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് വെഫി ഈ പരിപാടി സംഘടിപ്പിച്ചത്.
