Friday, April 17News That Matters

വേങ്ങരയിൽ പെൻഷൻ വിതരണത്തിനിറങ്ങിയ ബാങ്ക് ജീവനക്കാരന് സൂര്യാഘാതമേറ്റു

സംസ്ഥാനത്ത് ഉഷ്ണതരംഗം തുടരുന്നതിനിടെ വേങ്ങരയിൽ ക്ഷേമ പെൻഷൻ വിതരണത്തിനിറങ്ങിയ ബാങ്ക് ജീവനക്കാരന് സൂര്യാഘാതമേറ്റു. വേങ്ങര സർവീസ് സഹകരണ ബാങ്കിലെ കളക്ഷൻ ജീവനക്കാരനായ ടി.വി. രാജഗോപാലിനാണ് കടുത്ത വെയിലിനെ തുടർന്ന് സൂര്യാതപമേറ്റ് പൊള്ളലേറ്റത്. ഇദ്ദേഹത്തിന്റെ കൈപ്പത്തിക്ക് താഴെ മണിബന്ധത്തോട് ചേർന്ന് രണ്ട് ഇഞ്ചോളം വട്ടത്തിലാണ് പൊള്ളലേറ്റത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇതേ ബാങ്കിലെ മറ്റൊരു ജീവനക്കാരനും പെൻഷൻ വിതരണത്തിനിടെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടിരുന്നുവെങ്കിലും കൃത്യസമയത്ത് ചികിത്സ തേടിയതിനാൽ കൂടുതൽ പ്രശ്നങ്ങളുണ്ടായില്ല.പെൻഷൻ വിതരണത്തിനുള്ള തുക ലഭ്യമാകാൻ വൈകിയതും തുടർച്ചയായുണ്ടായ അവധി ദിനങ്ങളുമാണ് വിതരണക്കാരെ കടുത്ത സമ്മർദ്ദത്തിലാക്കിയത്. മാർച്ച്, ഏപ്രിൽ മാസങ്ങളിലെ പെൻഷൻ വിതരണം മാർച്ച് 25-ന് ആരംഭിക്കുമെന്ന് സർക്കാർ അറിയിച്ചിരുന്നെങ്കിലും ഏപ്രിൽ 4-ന് വൈകുന്നേരത്തോടെയാണ് പണം ബാങ്കുകളിലെത്തിയത്. ഇതിനിടയിൽ വന്ന ഈസ്റ്റർ, വിഷു, അംബേദ്കർ ജയന്തി തുടങ്ങിയ ബാങ്ക് അവധികളും വിതരണത്തെ ബാധിച്ചു. വിതരണം വൈകുന്നതിനെതിരെ രാഷ്ട്രീയ ലക്ഷ്യത്തോടെ സോഷ്യൽ മീഡിയ വഴി നടക്കുന്ന കുപ്രചാരണങ്ങളും ജീവനക്കാരെ മാനസികമായി തളർത്തുന്നുണ്ട്. ഗുണഭോക്താക്കൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്ന ഇത്തരം പ്രചാരണങ്ങൾ മൂലം കടുത്ത വെയിലിനെ പോലും അവഗണിച്ച് ജോലി പൂർത്തിയാക്കാൻ ഇറങ്ങിത്തിരിച്ചവർക്കാണ് ഇപ്പോൾ സൂര്യാഘാതമേൽക്കേണ്ടി വരുന്നത്. നൂറുകണക്കിന് ഗുണഭോക്താക്കൾക്ക് ഓരോ വാർഡിലും നേരിട്ട് പെൻഷൻ എത്തിച്ചു നൽകേണ്ടതുണ്ട്. സാധാരണ കാലാവസ്ഥയിൽ പോലും ദിവസങ്ങളെടുക്കുന്ന ഈ ജോലി കടുത്ത ഉഷ്ണതരംഗത്തിനിടയിൽ ചെയ്യുന്നത് വിതരണക്കാരെ തളർത്തുകയാണ്. രാവിലെ 11 മണി മുതൽ വൈകുന്നേരം 3 മണി വരെ പുറംജോലികൾക്ക് നിയന്ത്രണമുണ്ടെങ്കിലും സഹകരണ മേഖലയിലെ വിതരണക്കാർക്കും നിക്ഷേപ പിരിവുകാർക്കും ഈ ആനുകൂല്യം ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്. അധികൃതരുടെ ഭാഗത്തുനിന്നുള്ള അമിത സമ്മർദ്ദവും ഇത്തരം അപകടങ്ങൾക്ക് കാരണമാകുന്നുവെന്ന് ഈ രംഗത്തുള്ളവർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version