വേങ്ങര: രാഷ്ട്രീയ ചൂടിനെയും വേനൽ ചൂടിനെയും അല്പം മാറ്റി നിർത്തി മതസൗഹാർദത്തിന്റെ മനോഹരമായ ഒരു വിഷുക്കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ച് ഊരകം കല്ലേങ്ങൽ പടിയിലെ ടി.എസ്. അഖിലേഷിന്റെ വീട്. മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും അഖിലേഷിന്റെ വീട്ടിൽ വിഷുവിരുന്നിനെത്തിയപ്പോൾ അത് നാടിന്റെ ഐക്യത്തിന്റെ വിളംബരമായി മാറി. ഉച്ചയ്ക്ക് ഒരു മണിയോടെ സ്വന്തമായി വാഹനമോടിച്ചാണ് തങ്ങൾ എത്തിയത്. സ്വന്തം വീട്ടിൽ മക്കളും പേരമക്കളും ബന്ധുക്കളും ഒത്തുകൂടിയ ആഘോഷദിനമായിട്ടും, തിരക്കുകൾക്കിടയിലും സൗഹൃദത്തിന് മുൻതൂക്കം നൽകിയാണ് കുഞ്ഞാലിക്കുട്ടിയും വിഷുവിരുന്നിനെത്തിയത്.
അഖിലേഷും പിതാവ് ശങ്കരൻ മാസ്റ്ററും കുടുംബാംഗങ്ങളായ അഖിൽ ആഷി, ശ്യാം സുന്ദർ, അശ്വതി, ശരത്, സുന്ദരൻ എന്നിവർ ചേർന്ന് വിശിഷ്ടാതിഥികളെ സ്വീകരിച്ചു. തുടർന്ന് എല്ലാവരും ഒപ്പമിരുന്ന് വിഭവസമൃദ്ധമായ വിഷുസദ്യ ആസ്വദിച്ചു. ശുചിത്വ മിഷൻ അസിസ്റ്റന്റ് ജില്ലാ കോ-ഓർഡിനേറ്ററായ അഖിലേഷ് വേങ്ങര ബ്ലോക്ക് ഓഫീസിൽ ജോലി ചെയ്തിരുന്ന കാലം മുതലേ പാണക്കാട് തങ്ങൾ കുടുംബവുമായി അടുത്ത ബന്ധം പുലർത്തുന്നുണ്ട്. റംസാൻ വൃതമെടുക്കുന്ന അഖിലേഷിന് പാണക്കാട് ഹൈദരലി തങ്ങൾ മുൻപ് ഇഫ്താർ ഒരുക്കിയതും അഖിലേഷ് ഒരുക്കുന്ന ഇഫ്താർ സംഗമങ്ങളിൽ പാണക്കാട് കുടുംബാംഗങ്ങൾ പങ്കെടുക്കുന്നതും പതിവാണ്. പഞ്ചായത്ത് ലീഗ് സെക്രട്ടറി എൻ. ഉബൈദ് മാഷും വിഷുസദ്യയിൽ പങ്കുചേർന്നു. ഈ സൗഹൃദ വിരുന്ന് നാടിന്റെ സാമുദായിക സൗഹാർദത്തിന് മാറ്റുകൂട്ടി.
