കണ്ണമംഗലം: ഗ്രാമപഞ്ചായത്തിന്റെ 2026-27 വർഷത്തെ വാർഷിക പദ്ധതിയിൽ കുടിവെള്ള ലഭ്യതയ്ക്കും മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്കും മുൻഗണന നൽകാൻ വികസന സെമിനാർ അംഗീകാരം നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സമീറ പുളിക്കൽ സെമിനാർ ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾക്കൊപ്പം പരിസ്ഥിതി സൗഹൃദമായ വികസന പ്രവർത്തനങ്ങൾക്കും പദ്ധതിയിൽ പ്രാധാന്യം നൽകുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അവർ വ്യക്തമാക്കി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. ഹുസൈൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ നെടുമ്പള്ളി സൈദു, റൂഫിയ ചോല, ഷീന അനൂപ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പൂക്കുത്ത് മുജീബ് എന്നിവർ പദ്ധതി രൂപീകരണത്തെക്കുറിച്ച് സംസാരിച്ചു. ഗ്രാമത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള വിവിധ നിർദ്ദേശങ്ങൾ സെമിനാറിൽ ചർച്ച ചെയ്തു.
വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ അരീക്കൻ കുഞ്ഞുട്ടി, പനക്കത്ത് സമദ് ഹാജി, എൻ.കെ. പോക്കർ, യു.എം. ഹംസ, ഷാഹുൽ ഹമീദ് തറയിൽ തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി ആർ. വിവേക് രാജ് സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി ജോസ് ജെ. നന്ദിയും പറഞ്ഞു.
