തിരൂരങ്ങാടി: കുട്ടികളുടെ അശ്ലീല വീഡിയോകൾ മൊബൈൽ ഫോണിൽ സൂക്ഷിക്കുകയും സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ ഒരാളെ തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. മൂന്നിയൂർ കളിയാട്ടമുക്ക് എം.എച്ച് നഗർ സ്വദേശി തെങ്ങിലകത്ത് പെരുവിൽ ഉമ്മർ കോയ (48) ആണ് അറസ്റ്റിലായത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ് പ്രതി പിടിയിലായത്. ഇയാളുടെ ഫോണിൽ ഇത്തരത്തിലുള്ള നിരവധി ദൃശ്യങ്ങൾ ഉണ്ടായിരുന്നതായും അവ മറ്റുള്ളവർക്ക് പങ്കുവെച്ചിരുന്നതായും പോലീസ് കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കുട്ടികൾക്കെതിരെയുള്ള സൈബർ അതിക്രമങ്ങൾ തടയുന്നതിന്റെ ഭാഗമായി നിരീക്ഷണം കർശനമാക്കുമെന്ന് പോലീസ് അറിയിച്ചു.
