Wednesday, September 17News That Matters

‘പാതി വെന്തുരുകിയ കൈക്കുഞ്ഞുങ്ങളുമായി ഓടുന്ന അച്ഛനമ്മമാർ, മകൻ മരിക്കുന്നതറിയാതെ രക്ഷയ്‌ക്കെത്തിയവര്‍’

ലഖ്‌നൗ: കണ്‍മുന്നില്‍ ദിവസങ്ങള്‍ മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞുങ്ങള്‍ വെന്തുരുകുന്ന ഭീകര കാഴ്ചയെ ഓര്‍ത്തെടുക്കുകയാണ് ഉത്തര്‍പ്രദേശിലെ മഹാറാണി ലക്ഷ്മി ഭായ് മെഡിക്കല്‍ കോളേജിലെ നിവാസികള്‍. പലരും എന്‍ഐസിയുവിന്‌റെ ജനലുകള്‍ തകര്‍ത്ത് അകത്ത് കയറുകയും കയ്യില്‍ കിട്ടുന്ന കുട്ടികളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നുവെന്ന് ദുരന്തം നേരിട്ടു കണ്ട പലരും വിവരിക്കുന്നുണ്ട്. ആ കൂട്ടത്തില്‍ സ്വന്തം മകന്‍ വെന്തുമരിക്കുന്നത് തിരിച്ചറിയാതെ മൂന്ന് നവജാത ശിശുക്കളെ രക്ഷപ്പെടുത്തിയ മഹോബാ സ്വദേശിയായ കുല്‍ദീപുമുണ്ടായിരുന്നു. വാതില്‍ തകര്‍ത്ത് അകത്ത് കയറിയ കുല്‍ദീപ് കയ്യില്‍ കിട്ടിയ മൂന്ന് കുട്ടികളെയുമെടുത്ത് വെളിയിലേക്ക് ഓടി. പത്ത് ദിവസം മാത്രമായിരുന്നു കുല്‍ദീപിന്റെ മകന് പ്രായം. പതിവ് ചെക്കപ്പിനായി കുഞ്ഞിനെ എന്‍ഐസിയുവിലേക്ക് കൊണ്ടുപോയതായിരുന്നു. ഡോക്ടര്‍ വരുന്നതും കാത്ത് ലോബിയിലിരിക്കുകയായിരുന്നു കുല്‍ദീപും ഭാര്യയും. പെട്ടെന്നാണ് വാര്‍ഡില്‍ തീപിടുത്തമുണ്ടാകുന്നത്. ക്ഷണനേരം കൊണ്ട് പലഭാഗത്തുനിന്നും കുഞ്ഞുങ്ങളെ രക്ഷപ്പെടുത്താന്‍ പലരും ഓടിക്കൂടിയിരുന്നു. കയ്യില്‍ കിട്ടിയ മൂന്ന് കുഞ്ഞുങ്ങളെയുമെടുത്ത് കുല്‍ദീപ് പുറത്തേക്ക് പോകുമ്പോള്‍ സ്വന്തം കുഞ്ഞ് തീയിലമരുന്നത് ആ അച്ഛന്‍ അറിഞ്ഞിരുന്നില്ല. സ്വന്തം കുട്ടികളെയുമെടുത്ത് വേഗം രക്ഷപ്പെടൂ എന്ന് ആശുപത്രി ജീവനക്കാര്‍ വിളിച്ചുപറഞ്ഞത് കേട്ട് ഓടിയെത്തിയതാണ് റാണി സെന്‍. വാര്‍ഡില്‍ തീ ആളിപ്പടര്‍ന്നിരുന്നു. പല കുഞ്ഞുങ്ങളും മരിച്ചിരുന്നുവെന്നും അവര്‍ പറഞ്ഞു.

കുഞ്ഞിനെ തിരയാനുള്ള സമയം കിട്ടിയില്ലെന്നും കിട്ടിയ കൈക്കുഞ്ഞുമായി പുറത്തേക്ക് ഓടുകയായിരുന്നുവെന്നുമാണ് റാണി സെന്‍ പറയുന്നത്. റാണിയുടെ ബന്ധുവിന്റെ കുഞ്ഞും അപകടത്തില്‍ മരിച്ചിരുന്നു. മരിച്ചത് ആരുടെ കുട്ടിയാണെന്ന് പോലും തിരിച്ചറിയാനാകാത്ത സാഹചര്യമാണെന്നും ഡിഎന്‍എ പരിശോധന നടത്തേണ്ടതുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കുഞ്ഞ് എവിടെയാണെന്ന് അറിയില്ലെന്നാണ് മാഹോബ നിവാസിയായ സന്തോഷിയുടെ വാക്കുകള്‍. ‘തീ പടരുന്നത് കണ്ടു. എന്റെ കുഞ്ഞ് എവിടെയാണെന്ന് എനിക്ക് അറിയില്ല. കുട്ടികളുടെ കരച്ചിലും തീ ആളിപ്പടരുന്നതും കണ്ടതോടെ എന്ത് ചെയ്യണമെന്ന് അറിയാതെയായി. എല്ലാവരും ഭയപ്പെട്ട് ഓടുകയായിരുന്നു’, സന്തോഷി പറഞ്ഞു. നഴ്‌സുമാര്‍ ആളുകളെ പുറത്തേക്ക് ഓടിക്കുകയായിരുന്നു. വാര്‍ഡിനുള്ളില്‍ പ്രവേശിക്കാന്‍ പറ്റിയവരെല്ലാം കിട്ടിയ കുഞ്ഞിനെയുമെടുത്താണ് പുറത്തിറങ്ങിയതെന്ന് കുട്ടികളിലൊരാളുടെ മുത്തശ്ശി പറഞ്ഞു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് പിന്നിലെന്നാണ് നിഗമനം. എന്നാല്‍ സംഭവത്തില്‍ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നും ഗുരുതര വീഴ്ചയുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. കുഞ്ഞുങ്ങളുടെ എസിയുവില്‍ ഉണ്ടായിരുന്നത് കാലാവധി കഴിഞ്ഞ അഗ്നിശമന ഉപകരണങ്ങളാണെന്നാണ് റിപ്പോര്‍ട്ട്. തീപിടുത്തമുണ്ടായപ്പോള്‍ ആശുപത്രിയിലെ ഫയര്‍ അലാം പ്രവര്‍ത്തിച്ചിരുന്നില്ല. ഇത് രക്ഷാപ്രവര്‍ത്തനം വൈകുന്നതിന് ഇടയാക്കിയെന്നും ആരോപണമുണ്ട്.

അപകടത്തില്‍ കൊല്ലപ്പെട്ട കുട്ടികളുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചിട്ടുണ്ട്. പരിക്കേറ്റ കുട്ടികള്‍ക്ക് 50,000 രൂപയും നല്‍കും. ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് വാര്‍ത്ത കേട്ടതെന്നും കുട്ടികള്‍ നഷ്ടപ്പെട്ട മാതാപിതാക്കള്‍ക്ക് ധൈര്യം നല്‍കട്ടെയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. എന്‍ഐസിയു വാര്‍ഡില്‍ ഉണ്ടായ തീപിടിത്തത്തില്‍ 10 നവജാത ശിശുക്കളാണ് വെന്തുമരിച്ചത്. 16 കുഞ്ഞുങ്ങള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. 54 നവജാത ശിശുക്കളാണ് തീപിടിത്തം ഉണ്ടാകുമ്പോള്‍ വാര്‍ഡില്‍ ഉണ്ടായിരുന്നത്. ഇന്നലെ രാത്രി പത്തരയോടെയാണ് വാര്‍ഡില്‍ തീപിടിത്തമുണ്ടായത്. ഉടന്‍ തന്നെ അവിടെയുണ്ടായിരുന്ന ഡോക്ടര്‍മാരും മറ്റ് ഹോസ്പിറ്റല്‍ അധികൃതരും കൂടി രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു. ശേഷം ഫയര്‍ഫോഴ്സ് എത്തി തീയണയ്ക്കാനുള്ള ശ്രമം തുടങ്ങി.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version