തിരുവനന്തപുരം: യങ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാം (YIP) 8.0-യുടെ സാമൂഹിക സംരംഭ വിഭാഗത്തിൽ സംസ്ഥാനതല വിജയം കൈവരിച്ച് ‘മെഡ്‌ഓറ’ (MedAURA) എന്ന എഐ ഹെൽത്ത്‌കെയർ റോബോട്ടിക് സംവിധാനം. ഈ നേട്ടത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മുഖ്യമന്ത്രിയുമായുള്ള സംവാദത്തിൽ (CM–YIP Meet) മുഹമ്മദ് ഫാദിൽ പി.പി, ഹാനി സമാൻ പി, മുഹമ്മദ് മഹ്ബിൻ കെ എന്നിവരടങ്ങുന്ന വിദ്യാർത്ഥി സംഘം പങ്കെടുത്തു. വൃദ്ധർക്കും ചികിത്സാസൗകര്യങ്ങൾ കുറഞ്ഞ ഗ്രാമീണ മേഖലയിലുള്ളവർക്കും പ്രാഥമിക ആരോഗ്യപിന്തുണ നൽകാനാണ് ഈ സ്മാർട്ട് റോബോട്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത്. രോഗികളുടെ ജീവൽസൂചനകൾ (Vitals) നിരീക്ഷിക്കുക, മരുന്ന് വിതരണം നിയന്ത്രിക്കുക, അടിയന്തര സാഹചര്യങ്ങളിൽ മുന്നറിയിപ്പ് നൽകുക എന്നിവയാണ് ഇതിന്റെ പ്രധാന ചുമതലകൾ. കുറഞ്ഞ ചെലവിൽ പൊതുജനാരോഗ്യ സംവിധാനത്തെ കൂടുതൽ കാര്യക്ഷമമാക്കാനാണ് ‘മെഡ്‌ഓറ’ ലക്ഷ്യമിടുന്നത്. നേരത്തെ വേൾഡ് റോബോട്ടിക് ഒളിമ്പ്യാഡിൽ ആഗോളതലത്തിൽ 17-ാം റാങ്കും ദേശീയതലത്തിൽ നാലാം സ്ഥാനവും നേടിയ ഈ സംഘം റോബോട്ടിക്സ് മേഖലയിൽ ശ്രദ്ധേയമായ നിരവധി പുരസ്കാരങ്ങൾ ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്. ഭാവിയിൽ മെഡ്‌ഓറയെ കൂടുതൽ വികസിപ്പിച്ച് പൊതുജനാരോഗ്യ രംഗത്ത് പ്രായോഗികമായി നടപ്പിലാക്കാനാണ് സംഘത്തിന്റെ ലക്ഷ്യം.
