Sunday, March 1News That Matters

വീട്ടമ്മയുടെയും കുഞ്ഞിന്റെയും മുഖത്ത് മുളകുപൊടി എറിഞ്ഞു; കവർച്ചാശ്രമമെന്ന് സംശയം

കോഴിക്കോട് : പേരാമ്പ്രയിൽ വീട്ടമ്മയുടെയും രണ്ട് വയസ്സുകാരിയുടെയും മുഖത്തേക്ക് മുളകുപൊടി എറിഞ്ഞ് കവർച്ചാശ്രമം. പേരാമ്പ്ര പഞ്ചായത്തിലെ രണ്ടാം വാർഡിൽ മാര്യാത്തെ അബ്ദുൾ ഷുക്കൂറിന്റെ വീട്ടിൽ വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് സംഭവം നടന്നത്. ഷുക്കൂറിന്റെ ഭാര്യ റമീസയുടെയും മകളുടെയും കണ്ണുകളിലാണ് അക്രമി മുളകുപൊടി എറിഞ്ഞത്. റമീസ അടുക്കളയിലെ വാഷ്ബേസിനിൽ പാത്രങ്ങൾ കഴുകുന്നതിനിടെ ജനാലയുടെ ഗ്രില്ലിനിടയിലൂടെ ആരോ മുളകുപൊടി വലിച്ചെറിയുകയായിരുന്നു. റമീസയ്‌ക്കൊപ്പം അടുത്തുണ്ടായിരുന്ന രണ്ട് വയസ്സുകാരിയുടെ മുഖത്തും മുളകുപൊടി വീണതോടെ ഇരുവരും നിലവിളിച്ചു.​നിലവിളി കേട്ട് പരിസരത്തെ കടയിൽ കച്ചവടം നടത്തുകയായിരുന്ന ഷുക്കൂറും നാട്ടുകാരും ഓടിയെത്തിയാണ് പ്രാഥമിക ശുശ്രൂഷ നൽകിയത്. സംഭവസമയത്ത് ഇവരുടെ പ്രായമായ മാതാവ് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. റമീസയും മകളും സ്വർണാഭരണങ്ങൾ ധരിച്ചിരുന്നു. ഇവരെ അപായപ്പെടുത്തി ആഭരണങ്ങൾ കവർച്ച ചെയ്യാനായിരുന്നു അക്രമികളുടെ പദ്ധതിയെന്നാണ് പ്രാഥമിക നിഗമനം. സംഭവമറിഞ്ഞ് പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version