Tuesday, April 7News That Matters

വിപ്ലവകരമായ വാഗ്ദാനങ്ങളുമായി UDF പ്രകടന പത്രിക

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള യു.ഡി.എഫ് പ്രകടന പത്രിക പുറത്തിറക്കി. സാമൂഹിക സുരക്ഷാ പെൻഷൻ 3,000 രൂപയായി ഉയർത്തുമെന്ന പ്രഖ്യാപനമാണ് പത്രികയിലെ പ്രധാന ആകർഷണം. ഇതിനുപുറമെ സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യ യാത്ര, കോളേജ് വിദ്യാർത്ഥികൾക്ക് പ്രതിമാസം 1,000 രൂപ വീതം പോക്കറ്റ് മണി, എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപ വരെയുള്ള സൗജന്യ ‘ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ്’ തുടങ്ങിയ ജനപ്രിയ വാഗ്ദാനങ്ങളും പത്രികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ് രൂപീകരിക്കുമെന്നും യുവജനങ്ങൾക്ക് ബിസിനസ് ആരംഭിക്കുന്നതിനായി അഞ്ച് ലക്ഷം രൂപ വരെ പലിശരഹിത വായ്പ നൽകുമെന്നും യു.ഡി.എഫ് ഉറപ്പുനൽകുന്നു. ക്ഷേമ പെൻഷനുകൾ ജനങ്ങളുടെ അവകാശമായി മാറ്റുമെന്നും ശമ്പള കമ്മീഷൻ മാതൃകയിൽ ക്ഷേമ പെൻഷൻ കമ്മീഷൻ രൂപീകരിക്കുമെന്നും പ്രകടന പത്രികയിലുണ്ട്. ഏറ്റവും ദാരിദ്ര്യം അനുഭവിക്കുന്നവരെ കണ്ടെത്തി സഹായിക്കുന്നതിനായി യു.ഡി.എഫിന്റെ മുൻകാല പദ്ധതിയായ ‘ആശ്രയ’ പരിഷ്കരിച്ച് ‘നവ ആശ്രയ’ എന്ന പേരിൽ നടപ്പിലാക്കും. അന്ത്യോദയ – പിങ്ക് റേഷൻ കാർഡ് ഉടമകളെ ലക്ഷ്യമിട്ട് ദാരിദ്ര്യ നിർമ്മാർജനത്തിനായി പ്രത്യേക കർമ്മ പദ്ധതിയും വിഭാവനം ചെയ്തിട്ടുണ്ട്. സംസ്ഥാനത്തുടനീളം വിശപ്പകറ്റാൻ ‘ഇന്ദിര കാന്റീനുകൾ’ ആരംഭിക്കുമെന്നും അർഹരായ എല്ലാവർക്കും പ്രയോറിറ്റി റേഷൻ കാർഡും സൗജന്യ റേഷനും ലഭ്യമാക്കുമെന്നും പത്രിക വ്യക്തമാക്കുന്നു. ഇന്ദിര ഗ്യാരണ്ടി ഉൾപ്പെടെയുള്ള സ്വപ്ന പദ്ധതികളിലൂടെ കേരളത്തിന്റെ സാമൂഹിക സാമ്പത്തിക രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരാനാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version