തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിൽ വൈറലായ ‘പോറ്റിയെ കേറ്റിയെ’ എന്ന പാരഡി ഗാനത്തിനെതിരെ ഡിജിപിക്ക് പരാതി നൽകിയ പ്രസാദ് കുഴിക്കാലയെ തള്ളി ശബരിമല തിരുവാഭരണ പാത സംരക്ഷണ സമിതി രംഗത്ത്. പ്രസാദ് കുഴിക്കാല നൽകിയ പരാതിയുമായി സമിതിക്ക് യാതൊരു ബന്ധവുമില്ലെന്ന് ചെയർമാൻ കെ. ഹരിദാസ് വ്യക്തമാക്കി. വിശ്വാസത്തെ സംരക്ഷിക്കാനല്ല, മറിച്ച് കൊള്ള നടത്തിയവരെ സംരക്ഷിക്കാനാണ് പ്രസാദ് കുഴിക്കാല പരാതി നൽകിയതെന്ന് ഹരിദാസ് ആരോപിച്ചു. പ്രസാദ് കുഴിക്കാല നാലുവർഷം മുമ്പ് സമിതിയിൽ ഉണ്ടായിരുന്ന ആളാണെന്നും പിന്നീട് പുറത്തുപോയി സ്വന്തം സംഘടന ഉണ്ടാക്കിയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇടതുമുന്നണിയുടെ കൊള്ള തുറന്നുകാട്ടുന്നതാണ് ഈ പാട്ടെന്നും സ്വർണക്കൊള്ളയാണ് യഥാർത്ഥത്തിൽ അയ്യപ്പ വികാരത്തെ വ്രണപ്പെടുത്തുന്നതെന്നും കെ. ഹരിദാസ് പറഞ്ഞു. അതേസമയം, പ്രസാദ് കുഴിക്കാല നൽകിയ പരാതിയിൽ പ്രാഥമികാന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടു. പരാതി എഡിജിപിക്ക് കൈമാറിയിട്ടുണ്ട്. പാട്ടിൽ മതവികാരത്തെ വ്രണപ്പെടുത്തുന്ന പരാമർശങ്ങളുണ്ടോ എന്നും, കലാസൃഷ്ടിയെന്ന നിലയിൽ ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടാക്കിയിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കും. എന്നാൽ കേസ് എടുക്കുന്നതിൽ പോലീസിനിടയിൽ ആശയക്കുഴപ്പമുള്ളതായാണ് റിപ്പോർട്ട്. നിയമോപദേശം ലഭിച്ച ശേഷമേ ഇക്കാര്യത്തിൽ തുടർനടപടികൾ ഉണ്ടാവുകയുള്ളൂ. രാഷ്ട്രീയലാഭത്തിനായി അയ്യപ്പഭക്തരെ അപമാനിക്കുന്ന പാട്ട് പിൻവലിക്കണമെന്നാണ് പ്രസാദ് കുഴിക്കാലയുടെ ആവശ്യം. സിപിഐഎമ്മും ഗാനത്തിനെതിരെ നേരത്തെ രംഗത്തെത്തിയിരുന്നു.
