വേങ്ങര: കണ്ണമംഗലം മിനി കാപ്പിലിൽ യുവതിയെ വീടിന് പിന്നിലെ ഷെഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കീരി വീട്ടിൽ നിസാറിന്റെ ഭാര്യ ജലീസ (31) യാണ് മരിച്ചത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്തെത്തി. പുലർച്ചെ വീടിന്റെ അടുക്കളയോട് ചേർന്നുള്ള ഷെഡിലെ കഴുക്കോലിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. എന്നാൽ, വീട്ടുകാർ സ്ഥലത്തെത്തിയപ്പോൾ മൃതദേഹം നിലത്ത് മുട്ടിയ നിലയിലായിരുന്നുവെന്ന് സഹോദരീ ഭർത്താവ് പറഞ്ഞു. മരണത്തിന് തലേദിവസം ജലീസയ്ക്ക് ഭർതൃമാതാവുമായും ഭർത്താവിന്റെ സഹോദരിമാരുമായും ചില തർക്കങ്ങളുണ്ടായിരുന്നുവെന്നും, ഇതിന് പിന്നാലെയാണ് മരണം സംഭവിച്ചതെന്നും ബന്ധുക്കൾ ആരോപിക്കുന്നു. ഈ സാഹചര്യത്തിലാണ് മരണത്തിൽ സംശയമുണ്ടെന്ന നിലപാടുമായി കുടുംബം രംഗത്തെത്തിയത്. അപ്പക്കാട് സ്വദേശി ഉത്തമാവുങ്ങൽ ആലി-സുലൈഖ ദമ്പതികളുടെ മകളാണ് ജലീസ. 13 വർഷം മുൻപാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ഭർത്താവ് നിസാർ നിലവിൽ വിദേശത്താണ്. മക്കൾ: ഫാത്തിമ നഷ്വ, ഫാത്തിമ നജ്വ, സൈദ് മുഹമ്മദ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മഞ്ചേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ മൃതദേഹം കാരാത്തോട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്തു. ജലീസയുടെ മരണവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആരോപണങ്ങളെക്കുറിച്ച് പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.
