കരുനാഗപ്പള്ളി: വിദേശത്ത് ഉയർന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് കോടികൾ തട്ടിയെടുത്ത ദമ്പതികൾ വീണ്ടും പോലീസ് പിടിയിലായി. മുൻപ് സമാനമായ കേസിൽ ജയിൽവാസം അനുഭവിച്ച് പുറത്തിറങ്ങിയ ചിഞ്ചു, ഭർത്താവ് അനീഷ് എന്നിവരെയാണ് കരുനാഗപ്പള്ളി പോലീസ് പിടികൂടിയത്. ജയിൽ മോചിതരായ ശേഷം നടത്തിയ തട്ടിപ്പിലൂടെ അൻപത് ലക്ഷത്തിലധികം രൂപ ഇവർ വീണ്ടും കൈക്കലാക്കിയതായാണ് പരാതി. സമൂഹ മാധ്യമങ്ങളിലെ ഡിജിറ്റൽ മാർക്കറ്റിങ് സൈറ്റുകൾ വഴി ആകർഷകമായ പരസ്യങ്ങൾ നൽകിയാണ് ഇവർ ഉദ്യോഗാർത്ഥികളെ വലയിലാക്കുന്നത്. വാഗ്ദാനം ചെയ്ത സമയപരിധി കഴിഞ്ഞിട്ടും വിസ ലഭിക്കാതായതോടെ ഉദ്യോഗാർത്ഥികൾ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് വിവരം പുറത്തറിയുന്നത്. തുടർന്ന് ഇവർ പോലീസിൽ പരാതി നൽകുകയായിരുന്നു. നേരത്തെ ഇവരുടെ തട്ടിപ്പിന് ഇരയായവർ വിദേശത്ത് നരകതുല്യമായ സാഹചര്യത്തിൽ കഴിയുന്ന വാർത്തകൾ പുറത്തുവന്നിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
