Saturday, May 30News That Matters

നവവധുവിനെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ: കണ്ണൂർ കരിമ്പത്ത് നവവധുവിനെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. 22 കാരിയായ സാന്ദ്രതാരയാണ് മരിച്ചത്. സംഭവത്തിൽ തളിപ്പറമ്പ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നാലുമാസം മുൻപായിരുന്നു നൃത്താധ്യാപികയായ സാന്ദ്രയുടേയും ആകാശ് മോഹന്റെയും വിവാഹം. വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് നാടിനെ നടുക്കിയ സംഭവം. ഗൃഹപ്രവേശ ചടങ്ങിന് പോകാൻ ഒരുങ്ങാനായി മുറിയിൽ കയറി വാതിലടച്ച സാന്ദ്ര ഏറെനേരം കഴിഞ്ഞിട്ടും പുറത്തുവന്നില്ല. തുടർന്ന് ഭർത്താവ് ആകാശ് വാതിൽ തളളിത്തുറന്ന് അകത്ത് കയറിയപ്പോഴാണ് ജനൽകമ്പിയിൽ തൂങ്ങിയ നിലയിൽ സാന്ദ്രയെ കണ്ടെത്തിയത്. ഉടൻ തന്നെ അയൽവാസികളുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രണയിച്ച് വിവാഹം ചെയ്ത ഇവർക്കിടയിൽ മറ്റ് പ്രശ്നങ്ങളൊന്നുമില്ലായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. മരണം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൊല്ലം സ്വദേശികളായ സാന്ദ്രതാരയുടെ കുടുംബം ഏറെ നാളായി കണ്ണൂർ തളിയിലും ബാവുപ്പറമ്പിലുമായാണ് താമസിച്ചുവരുന്നത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. വരും ദിവസങ്ങളിൽ ഇരു കുടുംബങ്ങളുടെയും മൊഴിയെടുക്കുമെന്നും ആവശ്യമെങ്കിൽ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ വിശദമായി പരിശോധിക്കുമെന്നും തളിപ്പറമ്പ് പോലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version