കോഴിക്കോട്: കൗൺസിലിങ്ങിനെത്തിയ 18-കാരിയെ പീഡിപ്പിച്ച സൈക്യാട്രിക് കൗൺസിലർ അറസ്റ്റിൽ. കോഴിക്കോട് തൊണ്ടയാട് സ്വദേശി യഹിയ ഖാനാണ് പോലീസിന്റെ പിടിയിലായത്. മാനസിക പ്രയാസങ്ങൾക്ക് പരിഹാരം തേടിയെത്തിയ തൃശൂർ സ്വദേശിനിയെയാണ് ഇയാൾ നിരവധി തവണ പീഡനത്തിനിരയാക്കിയത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പെൺകുട്ടിയുടെ കുടുംബത്തിന് നേരത്തെ പരിചയമുള്ളയാളാണ് യഹിയ ഖാൻ. മാതാവിനൊപ്പമാണ് പെൺകുട്ടി പാലാഴിയിലുള്ള പ്രതിയുടെ കൗൺസിലിങ് കേന്ദ്രത്തിലെത്തിയത്. എന്നാൽ, കൗൺസിലിങ്ങിന്റെ ഭാഗമാണെന്ന് വിശ്വസിപ്പിച്ച് പെൺകുട്ടിയെ കാറിൽ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പ്രതി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. കഴിഞ്ഞ വർഷം ഡിസംബർ മാസത്തിലായിരുന്നു അതിക്രമം നടന്നത്. സംഭവത്തെ തുടർന്ന് കടുത്ത മാനസിക ആഘാതത്തിലായ പെൺകുട്ടി ഈ വർഷം ഫെബ്രുവരിയിലാണ് തൃശൂർ വനിതാ പോലീസിൽ പരാതി നൽകിയത്. എന്നാൽ കുറ്റകൃത്യം നടന്നത് പന്തീരങ്കാവ് സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് പിന്നീട് ഇവിടേക്ക് കൈമാറുകയായിരുന്നു. തുടർന്നാണ് പോലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
