കോളജിൽ പുസ്തക പ്രകാശനത്തിന് എത്തിയ നടൻ ബിബിൻ ജോർജിനെ അപമാനിച്ച് ഇറക്കിവിട്ടു. മലപ്പുറം വാളാഞ്ചേരിയിലെ എംഇഎസ് കോളജിൽ വച്ചാണ് താരത്തിന് ദുരുനുഭവമുണ്ടായത്. താരത്തെ വേദിയിൽ സംസാരിക്കാൻ അനുവദിക്കാതെ ഇറക്കിവിടുകയായിരുന്നു. ഇതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനു പിന്നാലെ പ്രതികരണവുമായി താരം തന്നെ രംഗത്തെത്തിയിരിക്കുകയാണ്. പ്രിൻസിപ്പലിന്റെ നടപടി വേദനയുണ്ടാക്കി എന്നാണ് നടൻ പറഞ്ഞത്. പുതിയ ചിത്രം ഗുമസ്തന്റെ പ്രമോഷന്റെ ഭാഗമായാണ് ബിബിനും മറ്റ് അണിയറ പ്രവർത്തകരും കോളജിൽ എത്തിയത്. മാഗസിൻ പ്രകാശനത്തിനായാണ് കോളജ് താരത്തെ ക്ഷണിച്ചു വരുത്തിയത്. മാഗസിൻ പ്രകാശനം കഴിഞ്ഞ് സംസാരിച്ചു തുടങ്ങിയപ്പോൾ പുസ്‌തകം പ്രകാശനം ചെയ്‌താല്‍ മാത്രം മതിയെന്നും എത്രയും പെട്ടെന്ന് വേദി വിടണമെന്നും പ്രിന്‍സിപ്പാൾ ആവശ്യപ്പെടുകയായിരുന്നു. തനിക്ക് ആദ്യമായാണ് ഒരു കോളജിൽ നിന്ന് ഇത്തരം അനുഭവം ഉണ്ടാകുന്നത് എന്ന് പറഞ്ഞ് താരം വേദി വിടുകയായിരുന്നു. മൂന്നാം നിലയിൽ പരിപാടി വച്ചതിനാൽ താരം ഏറെ കഷ്ട്പ്പെട്ടാണ് വേദിയിൽ എത്തിയത്. താരം വണ്ടിയിൽ കയറിയതിനെ പിന്നാലെ കോളജിലെ വിദ്യാർഥികൾ ഒന്നടങ്കം എത്തി നടനോട് ക്ഷമാപണം നടത്തുകയും തിരിച്ചുവിളിക്കുകയും ചെയ്തു. എന്നാൽ തന്റെ കാലിന് വയ്യാത്തതതാണെന്നും മൂന്ന് നില കയറാനും തനിക്കാവില്ലെന്നും താരം പറയുകയായിരുന്നു. സംഭവം നടന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഇത് പുറത്തുവിടുന്നത്. ഗുമസ്തന്റെ വാർത്താ സമ്മേളനത്തിൽ വച്ചാണ് തനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ച് താരം തുറന്നു പറഞ്ഞത്. എന്തെങ്കിലും വിവാദമുണ്ടായി നമ്മൾ എന്തെങ്കിലും പറഞ്ഞാൽ. കുറെ ആളുകൾ ആ പുള്ളിയുടെ വീട്ടുകാരെ അടക്കം തെറി പറയും. പിന്നെ അതിന്റെ പുറകിൽ വേറെ രണ്ട് അഭിപ്രായങ്ങൾ വരും. സത്യം പറഞ്ഞാൽ നമ്മളൊരു മാർക്കറ്റിങ് രീതിയിൽ എടുക്കാൻ ആയിരുന്നെങ്കിൽ ഗുമസ്തന് ഇത് വലിയ പ്രമോഷനായേനെ. സത്യസന്ധമായിട്ട് വിഷമം ഉണ്ടായ സംഭവം തന്നെയാണ്. പക്ഷേ അത് പുറത്തു പറയാനും അദ്ദേഹത്തിന് അതൊരു വിഷമമുണ്ടാക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് തന്നെ ഇവിടെയും അത് പറയുന്നില്ല. അതൊരു ചെറിയ സംഭവം ആയിട്ട് ഞങ്ങൾ അത് വിട്ടുകളയുകയാണ്. ചിലതൊന്നും തിരുത്താൻ പറ്റില്ല. എനിക്ക് തോന്നുന്നു അദ്ദേഹം തന്നെ അത് തിരുത്തിയിട്ടുണ്ടാകും. നമ്മൾ അത് വലിയ ഇഷ്യൂ ആക്കേണ്ട കാര്യമില്ല. വേദനിച്ചു എന്നുള്ളത് സത്യമാണ്. ഞങ്ങൾ എല്ലാവരും ഉണ്ടായിരുന്നു, സ്റ്റേജിൽ നിന്ന് ഇറങ്ങി പോകുന്നത് വിഷമിച്ചതാണ്. പക്ഷേ അത് ഒരാളിലേക്ക് വരുമ്പോൾ അയാളുടെ കുടുംബവും അയാളുടെ മക്കളും എല്ലാം വരുന്നതാണ്. നമ്മൾ ഇങ്ങനെ ഒരാളെ മാത്രം ഫോക്കസ് ചെയ്ത് ചീത്ത കേൾപ്പിച്ചിട്ട് കാര്യമില്ല. അദ്ദേഹം അത് തിരുത്തിയിട്ടുണ്ടാകും എന്നാണ് എന്റെ വിശ്വാസം. എന്നെ ഒരുപാട് ചാനലിൽ നിന്ന് വിളിച്ചു ചോദിച്ചു. പക്ഷേ ഞങ്ങൾ മനഃപൂർവം ഇത് കത്തിക്കാൻ നിന്നില്ല. അത് ഞങ്ങൾക്ക് നല്ലതായിട്ടേ വരുകയുള്ളൂ. കുട്ടികൾ തന്നെ അത് തിരുത്തിച്ച് എന്നാണ് തോന്നുന്നത്. ഞാൻ എത്രയോ കോളജുകളിൽ പോയിട്ടുണ്ട് ആദ്യമായിട്ടാണ് അങ്ങനെ ഒരു സംഭവം ഉണ്ടായത്.- ഗുമസ്തന്റെ പത്രസമ്മേളനത്തിൽ ബിബിൻ പറഞ്ഞു.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com