പൊന്നാനി ദേശീയപാതയിൽ ബാർലിക്കുളത്തിന് സമീപം ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾ മരണപ്പെട്ടു. പൊന്നാനി ആർ.വി ഹാളിന് സമീപം താമസിക്കുന്ന തട്ടേക്കാനകത്ത് ഇബ്രാഹിമിൻ്റെ മകൻ അൻസിഫ് (19), പള്ളപ്രം സ്വദേശി മാലിക്കുളം അലിയുടെ മകൻ അസ്ലം (19) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാത്രിയായിരുന്നു അപകടം നടന്നത്.അപകടത്തെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ പരിക്കേറ്റ പള്ളപ്രം സ്വദേശി അൻഷിയെ ഗുരുതരാവസ്ഥയിൽ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരണപ്പെട്ട അൻസിഫും അസ്ലമും പൊന്നാനി എം.ഐ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ, പാലപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികളാണ്. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
