മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ വ്യാജപ്രചാരണം നടത്തി ബ്ലാക് മെയിൽ ചെയ്ത കേസിൽ പ്രതി മുഹമ്മദ് റോഷനെ പോലീസ് പിടികൂടി. അങ്ങാടിപ്പുറത്ത് നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വ്യാജ ദൃശ്യങ്ങളും വീഡിയോകളും കാണിച്ച് 15 കോടി രൂപ ആവശ്യപ്പെട്ടെന്നാണ് എഫ്.ഐ.ആർ വ്യക്തമാക്കുന്നത്. കാപ്പ കേസ് പ്രതി കൂടിയായ മുഹമ്മദ് റോഷൻ ദീർഘനാളായി ഒളിവിലായിരുന്നു. ‘Shan shanu’ എന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴിയായിരുന്നു തങ്ങൾക്കെതിരായ അപകീർത്തികരമായ പ്രചാരണം നടന്നത്. മാർച്ച് 21-നാണ് ഈ അക്കൗണ്ടിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. എന്നാൽ ഇതിന് മുൻപ് ജനുവരി 31-ന് മുഹമ്മദ് റോഷൻ, പാണക്കാട് മോയീൻ അലി തങ്ങളെയും സുഹൃത്തിനെയും പെരിന്തൽമണ്ണയിലെ മാളിൽ വിളിച്ചു വരുത്തി അവ്യക്തമായ ദൃശ്യങ്ങളും വീഡിയോകളും കാണിച്ച് പണം ആവശ്യപ്പെട്ടെന്നാണ് പരാതി. ദൃശ്യങ്ങൾ പുറത്തുവിടാതിരിക്കാൻ 15 കോടി രൂപ നൽകണമെന്നും പണം നൽകിയില്ലെങ്കിൽ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി. വിവരം പുറത്തുപറഞ്ഞാലോ പരാതിപ്പെട്ടാലോ വധിക്കുമെന്നും പ്രതി ഭീഷണി മുഴക്കിയതായി മോയീൻ അലി തങ്ങൾ നൽകിയ പരാതിയിൽ പറയുന്നു. പണം നൽകാൻ തയ്യാറാകാതിരുന്നതോടെയാണ് മാർച്ച് 21-ന് സാദിഖലി തങ്ങളെ അപകീർത്തിപ്പെടുത്തുന്ന വിധം സോഷ്യൽ മീഡിയ പോസ്റ്റ് ഇട്ടതെന്ന് അന്വേഷണസംഘം കണ്ടെത്തി. കലാപശ്രമം, ഭീഷണിപ്പെടുത്തി പണം തട്ടൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. നേരത്തെ മുസ്ലിം ലീഗിന്റെ പരാതിയിൽ മലപ്പുറം സൈബർ പോലീസും അന്വേഷണം ആരംഭിച്ചിരുന്നു. സംഭവം വിവാദമായതോടെ ‘Shan shanu’ എന്ന ഫേസ്ബുക്ക് അക്കൗണ്ട് അപ്രത്യക്ഷമായിരുന്നു. ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പഴുതടച്ച അന്വേഷണത്തിലൂടെയാണ് പോലീസ് വലയിലാക്കിയത്.
