തവനൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയെ വിജയിപ്പിച്ചാൽ സൗജന്യ വിദേശയാത്ര ഓഫർ ചെയ്ത മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി. ബാവ ഹാജിക്കെതിരെ പോലീസ് കേസെടുത്തു. മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനം ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. തിരൂർ എസ്.എച്ച്.ഒയ്ക്കാണ് കേസിന്റെ അന്വേഷണ ചുമതല. ബാവ ഹാജിയുടെ പ്രസംഗത്തെക്കുറിച്ച് നേരത്തെ ജില്ലാ കളക്ടർ റിപ്പോർട്ട് തേടിയിരുന്നു. തവനൂരിലെ തിരഞ്ഞെടുപ്പ് കൺവെൻഷനിലാണ് സി.പി. ബാവ ഹാജി വിവാദ പ്രഖ്യാപനം നടത്തിയത്. യു.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്. ജോയിക്ക് ഏറ്റവും കൂടുതൽ ലീഡ് നൽകുന്ന കമ്മിറ്റിക്ക് 15 ദിവസത്തെ ഗൾഫ് യാത്രയാണ് അദ്ദേഹം വാഗ്ദാനം ചെയ്തത്. ടിക്കറ്റും 15 ദിവസത്തെ താമസവും അടക്കമുള്ള സമ്പൂർണ്ണ പാക്കേജായിരുന്നു ബാവ ഹാജിയുടെ ഓഫർ.നേരത്തെ തവനൂരിൽ സ്ഥാനാർത്ഥിയായി പരിഗണിക്കപ്പെട്ടിരുന്ന നേതാവാണ് ബാവ ഹാജി. എന്നാൽ അപ്രതീക്ഷിതമായി മലപ്പുറം ഡി.സി.സി അധ്യക്ഷൻ വി.എസ്. ജോയിക്ക് തവനൂരിൽ മത്സരിക്കാൻ നറുക്ക് വീഴുകയായിരുന്നു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും മികച്ച നേതൃപാടവം കാഴ്ചവെച്ച വി.എസ്. ജോയിയിലൂടെ മണ്ഡലം പിടിക്കാമെന്ന ഉറച്ച വിശ്വാസത്തിലാണ് യു.ഡി.എഫ്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ തവനൂർ മണ്ഡലത്തിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിലും ഭരണം പിടിക്കാൻ യു.ഡി.എഫിന് സാധിച്ചിരുന്നു.
