വേങ്ങര: ടൗണിൽ ദിനംപ്രതി മണിക്കൂറുകളോളം നീളുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിനായുള്ള ബൈപ്പാസ് റോഡ് നിർമ്മാണം വേഗത്തിലാക്കാൻ വ്യാപാരി സമൂഹം രംഗത്ത്. പദ്ധതിക്ക് അനുകൂലമായി പ്രമേയം പാസാക്കണമെന്നും പ്രാരംഭ നടപടികൾ വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വേങ്ങര യൂണിറ്റിന്റെ നേതൃത്വത്തിൽ ഊരകം, പറപ്പൂർ, വേങ്ങര വില്ലേജ് ഓഫീസർമാർക്കും ഊരകം, പറപ്പൂർ പഞ്ചായത്ത് പ്രസിഡന്റുമാർക്കും സംയുക്തമായി നിവേദനം സമർപ്പിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ഡലം ജനറൽ സെക്രട്ടറിയും വേങ്ങര യൂണിറ്റ് പ്രസിഡന്റുമായ എം.കെ. സൈനുദ്ദീൻ ഹാജി, യൂണിറ്റ് ജനറൽ സെക്രട്ടറി തോട്ടശേരി ശിവശങ്കരൻ നായർ, സെക്രട്ടറി ഇബ്രാഹിം വെട്ടിക്കാട്ടിൽ എന്നിവരുടെ നേതൃത്വത്തിലാണ് ബന്ധപ്പെട്ട അധികാരികൾക്ക് നിവേദനം കൈമാറിയത്. ഊരകം പഞ്ചായത്തിലെ കാരാത്തോട്ടിൽ നിന്നും ആരംഭിച്ച്, പുഴയോര ഭാഗങ്ങളിലൂടെ പറപ്പൂർ, വേങ്ങര പഞ്ചായത്തുകളിലെ പുഴയോര മേഖലകൾ കടന്ന് കൂരിയാട് നാഷണൽ ഹൈവേയിൽ എത്തിച്ചേരുന്ന രീതിയിലാണ് നിർദിഷ്ട ബൈപ്പാസ് വിഭാവനം ചെയ്തിട്ടുള്ളത്. പദ്ധതി കടന്നുപോകുന്ന ഊരകം, പറപ്പൂർ പഞ്ചായത്ത് ഭരണസമിതികൾ അടിയന്തരമായി അനുകൂല പ്രമേയം പാസാക്കി സർക്കാരിലേക്ക് സമർപ്പിക്കണമെന്ന് സമിതി ആവശ്യപ്പെട്ടു. വേങ്ങര പഞ്ചായത്ത് ഭരണസമിതി ഇതിനകം തന്നെ പ്രമേയം പാസാക്കി മന്ത്രി കെ.എം. ഷാജിക്ക് നിവേദനം സമർപ്പിച്ചിട്ടുണ്ട്. കൂടാതെ, വില്ലേജ് പരിധിയിലുള്ള ഭൂമിയുടെ വിവരങ്ങൾ, ഉടമസ്ഥാവകാശം, സ്കെച്ച് എന്നിവ സർക്കാർ ഉത്തരവ് വരുന്ന മുറയ്ക്ക് ഒട്ടും വൈകിക്കാതെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുന്നതിനുള്ള മുൻകൂർ നടപടികൾ വില്ലേജ് ഓഫീസുകൾ സ്വീകരിക്കണമെന്നും നിവേദനത്തിൽ പറയുന്നു. രോഗികൾക്കും വിദ്യാർത്ഥികൾക്കും പുറമെ ടൗണിലെ കടുത്ത ഗതാഗതക്കുരുക്ക് വ്യാപാര മേഖലയെയും വലിയ തോതിൽ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ബൈപ്പാസ് യാഥാർത്ഥ്യമാകുന്നതോടെ വാഹനങ്ങൾക്ക് വേങ്ങര ടൗണിൽ പ്രവേശിക്കാതെ തന്നെ സുഗമമായി കടന്നുപോകാൻ സാധിക്കും. മേഖലയുടെ സമഗ്ര വികസനത്തിന് വഴിതുറക്കുന്ന ഈ സ്വപ്ന പദ്ധതി വേഗത്തിൽ യാഥാർത്ഥ്യമാക്കാൻ രാഷ്ട്രീയ ഭേദമന്യേ എല്ലാവരുടെയും ആത്മാർത്ഥമായ പിന്തുണയും സഹകരണവും ഉണ്ടാകണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IovWvTQVHgsJfkiRVemD5W
