ഇരിങ്ങല്ലൂർ: കളിച്ചിരികളുടെയും കുറുമ്പുകളുടെയും അങ്കണവാടി കാലം പൂർത്തിയാക്കി ഔപചാരിക വിദ്യാലയങ്ങളിലേക്ക് ചുവടുവെക്കുന്ന കുരുന്നുകൾക്കായി ഇരിങ്ങല്ലൂർ പാലാണി കിഴക്കേക്കുണ്ട് അങ്കണവാടിയിൽ വെച്ച് ഗംഭീരമായ ‘സെന്റ് ഓഫ്’ ചടങ്ങ് സംഘടിപ്പിച്ചു. നിരവധി പേർ ഒത്തുചേർന്ന ചടങ്ങിൽ ALMSC മെമ്പർ റുഷ്ദ വെട്ടിക്കാട്ടിൽ സ്വാഗതം ആശംസിക്കുകയും അങ്കണവാടി ടീച്ചർ പുഷ്പവല്ലി അധ്യക്ഷത വഹിക്കുകയും ചെയ്തു. പറപ്പൂർ പഞ്ചായത്ത് ആറാം വാർഡ് മെമ്പർ റജ്ന റൗഫ് A.V. മുഖ്യപ്രഭാഷണവും മൊമെന്റോ വിതരണവും നടത്താനാണ് നിശ്ചയിച്ചിരുന്നതെങ്കിലും, അനിവാര്യമായ ചില ഔദ്യോഗിക കാരണങ്ങളാൽ നേരിട്ടെത്താൻ സാധിക്കാത്തതിനെ തുടർന്ന് ഫോണിലൂടെ ചടങ്ങിൽ പങ്കുചേർന്ന് ആശംസകൾ നേർന്നു. തുടർന്ന് മെമ്പറുടെ അഭാവത്തിൽ വേദിയിലുണ്ടായിരുന്ന പ്രമുഖ വ്യക്തികളായ ഇബ്രാഹിം വെട്ടിക്കാട്ടിൽ, അങ്കണവാടി ടീച്ചർ പുഷ്പവല്ലി, അസിസ്റ്റന്റ് ടീച്ചർ കാർത്ത്യായനി, റുഷ്ദ വെട്ടിക്കാട്ടിൽ, സദസ്സിലെ ഏറ്റവും മുതിർന്ന രക്ഷിതാവ് ഫാത്തിമ എന്നിവർ ചേർന്ന് കുരുന്നുകൾക്കുള്ള മൊമെന്റോകൾ വിതരണം ചെയ്തു.അങ്കണവാടിയുടെ വികസനത്തിലും കുട്ടികളുടെ വളർച്ചയിലും എപ്പോഴും കൂടെയുണ്ടാകുമെന്ന് റുഷ്ദ വെട്ടിക്കാട്ടിൽ ഉറപ്പുനൽകി. മക്കളെപ്പോലെ വളർത്തിയ കുരുന്നുകൾ അറിവിന്റെ വലിയ ലോകത്തേക്ക് പോകുമ്പോൾ ഏറെ അഭിമാനമുണ്ടെന്ന് പുഷ്പവല്ലി ടീച്ചറും, കുട്ടികളുടെ നിഷ്കളങ്കമായ സ്നേഹം എന്നും മനസ്സിലുണ്ടാകുമെന്ന് കാർത്ത്യായനി ടീച്ചറും വികാരാധീനരായി പറഞ്ഞു. കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസത്തിന് അടിത്തറ പാകുന്നതിൽ അങ്കണവാടികളുടെ പ്രാധാന്യത്തെക്കുറിച്ചും അധ്യാപകരുടെ ത്യാഗത്തെക്കുറിച്ചും ഇബ്രാഹിം വെട്ടിക്കാട്ടിൽ സംസാരിച്ചു. തലമുറകളെ സ്നേഹത്തോടെ വളർത്തിയെടുക്കുന്ന ഈ അങ്കണവാടിയുടെ തണൽ എന്നും ഓർക്കപ്പെടുമെന്ന് മുതിർന്ന രക്ഷിതാവ് ഫാത്തിമ തന്റെ അനുഭവത്തിൽ നിന്ന് പങ്കുവെച്ചു. തങ്ങളുടെ മക്കളെ സ്വന്തം മക്കളേക്കാൾ സ്നേഹത്തോടെ പരിചരിച്ച പുഷ്പവല്ലി ടീച്ചർക്കും കാർത്ത്യായനി ടീച്ചർക്കും രക്ഷിതാക്കൾ (അമ്മമാർ) ഒരേസ്വരത്തിൽ നന്ദിയും കൃതജ്ഞതയും രേഖപ്പെടുത്തിയതോടെ ചടങ്ങ് സമാപിച്ചു.
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IovWvTQVHgsJfkiRVemD5W
