Saturday, April 11News That Matters

അറിവിൻ്റെ ആകാശത്ത് പറപ്പൂരിൻ്റെ അഭിമാനതാരം; നീതുവിന് ആദരം

പറപ്പൂർ: കേരള ശാസ്ത്ര കോൺഗ്രസിൽ മികച്ച നേട്ടം കൈവരിച്ച് നാടിന്റെ അഭിമാനമായി മാറിയ നീതുവിനെ പറപ്പൂർ ഗ്രാമപഞ്ചായത്ത് ആറാം വാർഡ് കമ്മിറ്റി ആദരിച്ചു. അറിവിന്റെയും ഗവേഷണത്തിന്റെയും പുതിയ തലങ്ങൾ തേടിയുള്ള യാത്രയിൽ ശാസ്ത്ര കോൺഗ്രസിന്റെ പുരസ്കാരം സ്വന്തമാക്കിയ നീതുവിനെ ആദരിക്കാൻ സ്നേഹനിർഭരമായ ചടങ്ങാണ് വാർഡിൽ സംഘടിപ്പിച്ചത്. ആറാം വാർഡ് മെമ്പർ റെജ്‌ന റഹൂഫ് എ.വി. നീതുവിന് ഉപഹാരം കൈമാറി. നീതുവിനെ പുരസ്കാര നേട്ടത്തിലേക്ക് നയിച്ച കുടുംബത്തിന്റെ സാന്നിധ്യം ചടങ്ങിന് മാറ്റുകൂട്ടി. കുഞ്ഞുനാളിലെ സ്വപ്നങ്ങൾക്ക് ചിറകുനൽകിയ അമ്മയും കഠിനാധ്വാനത്തിന് കരുത്തുപകർന്ന അച്ഛന്റെ അമ്മയും ചടങ്ങിൽ സംബന്ധിച്ചത് വൈകാരികമായ നിമിഷങ്ങളായി. ചടങ്ങിൽ ആറാം വാർഡ് വനിതാ ലീഗ് പ്രസിഡന്റ് ഉമ്മുകുൽസു എ.വി., ജനറൽ സെക്രട്ടറി റുഷ്ദ വെട്ടിക്കാട്ടിൽ, ട്രഷറർ സുലൈഖ ഇ.കെ., സഫിയ കുന്നുമ്മൽ, സൈനബ, സറീന ഇ.കെ., സുമ്മയ്യ ഉബൈദ് തുടങ്ങിയവർ പങ്കെടുത്തു. കഠിനാധ്വാനവും ലക്ഷ്യബോധവുമുണ്ടെങ്കിൽ ഏതൊരു കൊടുമുടിയും കീഴടക്കാമെന്ന് തെളിയിച്ച നീതുവിന്റെ വിജയം വരുംതലമുറയ്ക്ക് വലിയൊരു പ്രചോദനമാണെന്ന് ചടങ്ങ് വിലയിരുത്തി. നാടിന്റെ ഈ അഭിമാന താരത്തിന് ചടങ്ങിൽ പങ്കെടുത്തവർ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേർന്നു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version