പറപ്പൂർ: അരിക്കുളം കേന്ദ്രമായി പ്രവർത്തിക്കുന്ന എ.വൈ.സി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ (അരിക്കുളം യൂത്ത് സെൻറർ) ഉദ്ഘാടനം പറപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പറമ്പത്ത് മുഹമ്മദ് നിർവഹിച്ചു. പ്രദേശത്തെ യുവാക്കളുടെ കലാ-കായിക കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമാകുന്നതിനും വേണ്ടിയാണ് ക്ലബ്ബ് രൂപീകരിച്ചിരിക്കുന്നത്. ചടങ്ങിൽ ബീരാൻ റഫീഖ് അധ്യക്ഷത വഹിച്ചു. ക്ലബ്ബിന്റെ പ്രവർത്തന ഫണ്ട് സമാഹരണാർത്ഥം സംഘടിപ്പിച്ച സമ്മാനക്കൂപ്പൺ നറുക്കെടുപ്പ് വേങ്ങര പഞ്ചായത്ത് പതിനൊന്നാം വാർഡ് മെമ്പർ എ.കെ. അബ്ദുൽ മജീദ് നിർവഹിച്ചു. മുള്ളൻ ഹംസ, സൈതലവി കോയ തങ്ങൾ, എ.കെ. മുഹമ്മദലി, പി. ഷമീർ അലി എന്നിവർ ചടങ്ങിൽ സംബന്ധിച്ച് പ്രസംഗിച്ചു. കെ.കെ. ഷെഫീഖ് സ്വാഗതം ആശംസിച്ച ചടങ്ങിൽ ഷെഫീക്ക് എ.കെ. നന്ദി രേഖപ്പെടുത്തി. അരിക്കുളത്തെ സാംസ്‌കാരിക-കായിക മേഖലകളിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരാൻ ക്ലബ്ബിന്റെ പ്രവർത്തനം സഹായിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
