ഊരകം: കുറ്റാളൂർ എം.എൽ.എ റോഡിൽ നെല്ലിപറമ്പ് ഭാഗത്തെ പാലം പണി നീണ്ടു പോകുന്നതിനെതിരെ പ്രതിഷേധവുമായി ഊരകം മണ്ഡലം കോൺഗ്രസ് കമ്മിറ്റി രംഗത്ത്. മാസങ്ങളായി നിർമ്മാണം തുടങ്ങിയെങ്കിലും കരാറുകാരന്റെ ഉദാസീനത കാരണം വർക്കുകൾ എങ്ങുമെത്താത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് നേതാക്കൾ ആരോപിച്ചു. പാലം പണി ഉടൻ പൂർത്തിയാക്കി പ്രദേശവാസികളുടെയും യാത്രക്കാരുടെയും യാത്രാക്ലേശം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പൊതുമരാമത്ത് അസിസ്റ്റന്റ് എൻജിനീയർക്ക് നിവേദനം നൽകി.മണ്ഡലം പ്രസിഡന്റ് എം.കെ. മൊയ്‌തീന്റെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥരെ കണ്ട് പരാതി ബോധിപ്പിച്ചത്. പണി പൂർത്തിയാകാത്തത് മൂലം ഈ വഴിയിലൂടെയുള്ള ഗതാഗതം ദുസ്സഹമായിരിക്കുകയാണ്. കരാറുകാരന്റെ ഭാഗത്തുനിന്നുള്ള വീഴ്ചകൾ ഉദ്യോഗസ്ഥരെ നേരിട്ട് ബോധ്യപ്പെടുത്തിയതായും ഉടൻ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും നേതാക്കൾ പറഞ്ഞു.മണ്ഡലം നേതാക്കളായ എം.പി. വേലായുധൻ മാസ്റ്റർ, സി.എം. സേവ്യർ, സി.പി. ജോർജ് കുട്ടി, ഓവുങ്ങൽ ഹംസ, എം.കെ. കുഞ്ഞാപ്പ, മെഗാ കുട്ടൻ, ഇ.കെ. ഇബ്രാഹിം എന്നിവരും നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.
