എ ആർ നഗർ: ആറര പതിറ്റാണ്ട് മുമ്പ് അക്ഷരമുറ്റം വിട്ടു പോയവർ വീണ്ടും ഒത്തുകൂടിയപ്പോൾ അത് തലമുറകളുടെ സംഗമമായി.
അബ്ദുറഹിമാൻ നഗർ ഗ്രാമപഞ്ചായത്തിലെ ഇരുമ്പുചോല എയുപി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി അധ്യാപക മഹാസംഗമമാണ് പഴയ തലമുറക്കാരെ കുട്ടിക്കാലത്തിലേക്ക് എത്തിച്ചത്.ഇതാകട്ടെ പുതിയ തലമുറക്കാർക്ക് ആവേശവുമായി. 65 വർഷത്തിനിടെ സ്കൂളിൽ നിന്നും പറന്നകന്നവർ കാദങ്ങൾക്കപ്പുറത്ത് നിന്നും വീണ്ടും സംഗമിച്ചപ്പോൾ അധികപേർക്കും പരസ്പരം തിരിച്ചറിയാനായില്ല.സോഷ്യൽ മീഡിയ വഴി പ്രയോജനപ്പെടുത്തിയാണ് കൂട്ടായ്മ ഒരുക്കിയത്.ആയിരക്കണക്കിന് പേർ അംഗങ്ങളായ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നിന്നും 30 ബാച്ച് ഗ്രൂപ്പുകളിൽ രൂപവൽക്കരിച്ച് ചിട്ടയായി രൂപപ്പെടുത്തിയാണ് അക്ഷരമുറ്റം സംഗമ ഭൂമിയാക്കിയത്. പൂർവ്വാധ്യാപകരുടെ സൊറ പറച്ചിൽ കൂടിയിരുന്നവരുടെ ഓർമ്മകളെ പതിറ്റാണ്ടുകൾ പിറകിലേക്ക് കൊണ്ടുപോയി. സംഗമം തിരൂരങ്ങാടിഎസ് . എച്ച്. ഒ പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. ചെയർമാൻ കുഞ്ഞി മുഹമ്മദ് പുള്ളിശ്ശേരി അധ്യക്ഷതവഹിച്ചു. പി.ടി.എ പ്രസിഡൻ്റ് റഷീദ് ചെമ്പകത്ത്, മാനേജർ കെ.ലിയാഖത്തലി, പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ് കൊണ്ടാണത്ത്, തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് എം.എസ് കുര്യൻ കോട്ടയം, പി. അബ്ദുല്ല മൗലവി, ബി.ശശിധരൻ നായർ തിരുവനന്തപുരം, ആർ. അരുദ്ധതി കൊല്ലം, എം പാത്തുമ്മ ,കെ.കെ ജോർജ്, കെ.കെ ഹംസ ക്കോയ, ടി പി ഷൗക്കത്തലി, സി.പി സുജാത, എം.ഫാത്തിമ, തുടങ്ങിയ പൂർവ്വാധ്യാപകർ വിദ്യാർത്ഥികളുമായി സംവദിച്ചു. ഡോ: ഇ.കെ മുഹമദലി സ്വാഗതവും അൻളൽ കാവുങ്ങൽ നന്ദിയും പറഞ്ഞു.
ചക്രകസേരയിൽ ഇരുന്നാണ് റാഷിദ് പുകയൂരും, മുത്തു , ഫഹദ് ബഷീർ എന്നിവർ സംഗമത്തിനെത്തിയത്.