Saturday, January 17News That Matters

പൊടിപടലങ്ങളും അപകടക്കെണിയും; റോഡ് പുനഃസ്ഥാപിക്കാത്തതിനെതിരെ പോലീസിൽ പരാതി

തിരൂരങ്ങാടി: അമൃത കുടിവെള്ള പദ്ധതിക്കായി തിരൂരങ്ങാടി നഗരസഭയുടെ നേതൃത്വത്തിൽ പൈപ്പ് ലൈൻ സ്ഥാപിക്കാൻ വെട്ടിപ്പൊളിച്ച റോഡുകൾ പൂർവ്വസ്ഥിതിയിലാക്കാത്തത് ജനങ്ങളെ ദുരിതത്തിലാക്കുന്നു. നാടുകാണി-പരപ്പനങ്ങാടി പാതയിൽ ചെമ്മാട് മുതൽ തിരൂരങ്ങാടി വരെയുള്ള വിവിധ ഭാഗങ്ങൾ മാസങ്ങളായി തകർന്നു കിടക്കുകയാണ്. 2024 ഒക്ടോബറിൽ ആരംഭിച്ച പ്രവൃത്തികൾ ഡിസംബറോടെ പൂർത്തിയാക്കി ടാർ ചെയ്യുമെന്ന് അധികൃതർ ഉറപ്പ് നൽകിയിരുന്നെങ്കിലും മാസങ്ങൾ പിന്നിട്ടിട്ടും റോഡ് ശോചനീയാവസ്ഥയിൽ തന്നെ തുടരുകയാണ്.​സംസ്ഥാന പാതയായതിനാൽ വാഹനങ്ങളുടെ തിരക്ക് കാരണം കടുത്ത പൊടിശല്യമാണ് പ്രദേശത്ത് അനുഭവപ്പെടുന്നത്. റോഡിൽ വെള്ളം തളിച്ച് പൊടി നിയന്ത്രിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അല്പസമയം കഴിയുമ്പോൾ വീണ്ടും പൊടി ഉയരുന്നത് യാത്രക്കാരെയും വ്യാപാരികളെയും നിത്യരോഗികളാക്കുന്നു. ഇതിന് പുറമെ റോഡിൽ ചിതറിക്കിടക്കുന്ന മെറ്റലിൽ കയറി ഇരുചക്ര വാഹനങ്ങൾ തെന്നിവീഴുന്നതും നിത്യസംഭവമാണ്. വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ റോഡിലെ കല്ലുകൾ തെറിച്ച് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള കാൽനടയാത്രക്കാർക്ക് പരിക്കേൽക്കുന്നതും വലിയ അപകടഭീഷണിയാണ് ഉയർത്തുന്നത്. ചെമ്മാട്-കരിപറമ്പ് ഭാഗങ്ങളിൽ ശാസ്ത്രീയമായ മേൽനോട്ടമില്ലാതെ നടത്തിയ അറ്റകുറ്റപ്പണികൾ പാളിയതോടെ റോഡിൽ വലിയ ഗർത്തങ്ങളും കുഴികളും രൂപപ്പെട്ടിരിക്കുകയാണ്.​ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന ഈ സാഹചര്യത്തിൽ പൊതുമരാമത്ത് വകുപ്പ്, വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർമാർ എന്നിവർക്കെതിരെ നടപടി ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകനും നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് മലപ്പുറം ജില്ലാ പ്രസിഡണ്ടുമായ അബ്ദുൽ റഹിം പൂക്കത്ത് തിരൂരങ്ങാടി പോലീസിൽ പരാതി നൽകി. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് നിയമനടപടി സ്വീകരിക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version