തിരൂരങ്ങാടി: കലയും സാഹിത്യവും മനുഷ്യ മനസ്സുകളിൽ സ്നേഹവും സൗഹൃദവും വളർത്തുന്നതാണെന്നും മനുഷ്യരെ പരസ്പരം അകറ്റാനല്ല അടുപ്പിക്കാനാണ് ഇത്തരം കൂട്ടായ്മകൾക്ക് കഴിയുന്നതെന്നും മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ്. കേരള മാപ്പിള കലാ അക്കാദമി തിരൂരങ്ങാടി ചാപ്റ്റർ സംഘടിപ്പിച്ച സ്നേഹസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരള മാപ്പിള കലാ അക്കാദമി സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട എ.കെ. മുസ്തഫയ്ക്കും, നഗരസഭാ കൗൺസിലർമാരായി തിരഞ്ഞെടുക്കപ്പെട്ട അക്കാദമി അംഗങ്ങളായ ആരിഫ വലിയാട്ട്, ചെബ വഹീദ എന്നിവർക്കും തിരൂരങ്ങാടി ചാപ്റ്റർ ഒരുക്കിയ ആദരവും അദ്ദേഹം ചടങ്ങിൽ നിർവ്വഹിച്ചു. മനരിക്കൽ അഷ്‌റഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ കെ.പി. മജീദ് ഹാജി, ഡോ. ഹാറൂൻ റഷീദ്, റൈഹാനത്ത് നന്നമ്പ്ര, ഫിറോസ് ഖാൻ പരപ്പനങ്ങാടി, ഇബ്രാഹിം ചെമ്മാട്, എം.കെ. അയ്യൂബ്, റഷീദ് വെള്ളിയാപുറം, കെ.പി. നസീമ ടീച്ചർ, സുഹ്‌റ കൊളപ്പുറം, തൊട്ടുങ്ങൽ കരീം, അഷ്‌റഫ് പരപ്പനങ്ങാടി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.സംഗമത്തിന്റെ ഭാഗമായി നുഹ ഖാസിം, പി.കെ. നിസാർ ബാബു, കെ.പി. അസ്‌കർ ബാബു, എം.വി. റഷീദ്, ആയിഷ ഫിറോസ് എന്നിവർ ചേർന്നൊരുക്കിയ ഗാനവിരുന്നും അരങ്ങേറി. സ്നേഹവും കലയും ഇഴചേർന്ന ഹൃദ്യമായ സംഗമത്തിനാണ് തിരൂരങ്ങാടി സാക്ഷ്യം വഹിച്ചത്.
