കൊടിഞ്ഞി: 21 തരം ഭിന്നശേഷിക്കാരായ വ്യക്തികളെ ഒരുമിച്ച് ചേർത്ത് പ്രവർത്തിക്കുന്ന വോയിസ് ഓഫ് ഡിസെബിൽഡ് നന്നമ്പ്ര പഞ്ചായത്ത് കമ്മിറ്റിയുടെ ഒന്നാം വാർഷികവും ഓണാഘോഷ പരിപാടികളും കൊടിഞ്ഞി പനക്കത്താഴം എ.എം.എൽ.പി സ്കൂളിൽ വെച്ച് വിപുലമായി നടന്നു. ‘ഒരുമിച്ചോണം’ എന്ന പേരിൽ നടന്ന പരിപാടിയിൽ ഭിന്നശേഷിക്കാരായ കുട്ടികളും അവരുടെ രക്ഷിതാക്കളും പങ്കെടുത്തു. കഴിഞ്ഞ ഒരു വർഷമായി ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാരും മറ്റ് അംഗങ്ങളും സാമൂഹ്യപ്രവർത്തകരും ചേർന്ന് നടത്തിയ നിസ്വാർത്ഥ സേവനങ്ങളാണ് സംഘടനയുടെ വിജയത്തിന് പിന്നിലെന്ന് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ച പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി റസീന ടീച്ചർ പറഞ്ഞു. ഭിന്നശേഷിയുള്ള കുട്ടികളും അവരുടെ രക്ഷിതാക്കളും വീടിന്റെ നാല് ചുമരുകൾക്കുള്ളിൽ ഒതുങ്ങിപ്പോകുന്ന സാഹചര്യത്തിൽ നിന്ന് അവരെ പുറം ലോകത്തേക്ക് കൊണ്ടുവരാനും മാനസിക ഉല്ലാസത്തിന് അവസരമൊരുക്കാനും സംഘടന നടത്തിയ പ്രവർത്തനങ്ങൾ വലിയൊരു മാറ്റമാണ് കൊണ്ടുവന്നതെന്നും അവർ കൂട്ടിച്ചേർത്തു. നൗഷാദ് യു.വി അധ്യക്ഷത വഹിച്ച പരിപാടി വോയിസ് ഓഫ് ഡിസെബിൽഡ് ജില്ലാ പ്രസിഡന്റ് വേലായുധൻ ഉദ്ഘാടനം ചെയ്തു. റസീന ടീച്ചർ സ്വാഗതം ആശംസിച്ചു. ജോയിന്റ് സെക്രട്ടറി റിഹൈലത്ത്, ശശികുമാർ മാസ്റ്റർ, മാലിക് ചെമ്മാട്, ജുമുലൈസ്, സുഹ്‌റ കൊടിഞ്ഞി, ഷഹാന കക്കാട്, നദിയ എന്നിവർ സംസാരിച്ചു. ഷാനിബ ടീച്ചർ നന്ദി പറഞ്ഞു.
