തിരൂരങ്ങാടി: ഗവ: താലൂക്ക് ആശുപത്രിയിൽ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ പുനരാരംഭിച്ച ത്വക്ക് വിഭാഗം ഒ.പി. വീണ്ടും മുടങ്ങി. കഴിഞ്ഞ ആറ് മാസക്കാലമായി ത്വക്ക് രോഗ വിഭാഗത്തിൽ ഡോക്ടർ ഇല്ലാത്തതിനാൽ ഇവിടെ ഒ.പി. മുടങ്ങി കിടക്കുകയായിരുന്നു. ത്വക്ക് രോഗ വിഭാഗത്തിൽ ഉണ്ടായിരുന്ന ഡോക്ടർ ഒഴിഞ്ഞ് പോയതിനെ തുടർന്ന് പകരം ഡോക്ടറെ വെക്കാത്തതിനാലായിരുന്നു ത്വക്ക് രോഗ വിഭാഗം പ്രവർത്തിക്കാതിരുന്നത്.
സാമൂഹ്യ പ്രവർത്തകൻ അഷ്റഫ് കളത്തിങ്ങൽ പാറ ആരോഗ്യ വകുപ്പ് മന്ത്രി, ആരോഗ്യ വകുപ്പ് ഡയറക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവർക്ക് ഇത് സംബന്ധിച്ച് നൽകിയ നിവേദനത്തെ തുടർന്ന് മാർച്ച് 26 ന് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ത്വക്ക് രോഗ വിഭാഗത്തിൽ ഡോക്ടറെ നിയമിച്ചെങ്കിലും അവർ രണ്ട് ദിവസം മാത്രമാണ് ഡ്യൂട്ടിയിൽ ഉണ്ടായത്. ത്വക്ക് രോഗ വിഭാഗത്തിൽ ചാർജ്ജെടുത്ത ഡോക്ടർ അപർണ ഇപ്പോൾ നീണ്ട അവധിയിൽ പോയിരിക്കുകയാണെന്നാണ് ലഭ്യമാവുന്ന വിവരം. ലീവെടുക്കാൻ വേണ്ടി മാത്രം ഡ്യൂട്ടിയിൽ കയറിയ പോലെയാണ് ത്വക്ക് വിഭാഗത്തിലെ ഇപ്പോഴത്തെ അവസ്ഥ. ദിവസവും രണ്ടായിരത്തോളം രോഗികൾ ആശ്രയിക്കുന്ന തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ നൂറുകണക്കിന് രോഗികളാണ് ത്വക്ക് രോഗ വിഭാഗത്തെ ആശ്രയിക്കുന്നത്. ഇവിടെ ത്വക്ക് രോഗ വിഭാഗം ഇല്ലാത്തതിനാൽ സമീപ പ്രദേശങ്ങളിലെ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ് രോഗികൾ . തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ സ്ഥിരമായ ത്വക്ക് രോഗ വിഭാഗം ഡോക്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് അഷ്റഫ് കളത്തിങ്ങൽ പാറ കഴിഞ്ഞ ദിവസം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: ആർ.രേണുകക്ക് നേരിട്ടും ആരോഗ്യ വകുപ്പ് മന്ത്രി, ആരോഗ്യ വകുപ്പ് ഡയറക്ടർ എന്നിവർക്ക് ഇ-മെയിൽ മുഖേനയും നിവേദനം നൽകി.ഇനിയും ത്വക്ക് രോഗ വിഭാഗത്തിൽ ഡോക്ടറെ നിയമിക്കാൻ താമസം വന്നാൽ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം അധികൃതർക്ക് മുന്നറിയിപ്പ് നൽകി.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com