പരപ്പനങ്ങാടി ബി.ഇ.എം ഹയർ സെക്കൻഡറി സ്കൂളിൽ ഓഫീസ് കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതിയെ പോലീസ് പിടികൂടി. തിരൂരങ്ങാടി ചന്തപ്പടി സ്വദേശി കാദർ ശരീഫ് (24) ആണ് പരപ്പനങ്ങാടി പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം സ്കൂൾ ഓഫീസ് റൂമും അലമാരകളും കുത്തിത്തുറന്നാണ് ഇയാൾ മോഷണം നടത്തിയത്.നിരവധി മോഷണക്കേസുകളിൽ പ്രതിയായ കാദർ ശരീഫിനെ പരപ്പനങ്ങാടി ഇൻസ്പെക്ടർ നവീൻ ഷാജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രദേശത്തെ മറ്റ് മോഷണക്കേസുകളിലും ഇയാൾക്ക് പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.
