കുട്ടികളുടേത് ഉൾപ്പെടെയുള്ള അശ്ലീല വീഡിയോകൾ ടെലഗ്രാം വഴി വിൽപന നടത്തിയ സംഭവത്തിൽ നിലമ്പൂർ ചുങ്കത്തറ സ്വദേശി സഫ്‌വാനെ (20) മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. ടെലഗ്രാമിലെ വിവിധ ഗ്രൂപ്പുകളിലൂടെയും സ്വകാര്യ ചാനലുകളിലൂടെയും ഇത്തരം ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ച് സാമ്പത്തിക ലാഭം ഉണ്ടാക്കുകയായിരുന്നു ഇയാൾ. മലപ്പുറം ജില്ലാ പോലീസ് മേധാവി വിശ്വനാഥ് ആർ. ഐ.പി.എസ്സിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നാണ് സൈബർ പോലീസ് സംഘം പരിശോധന നടത്തിയത്.ജില്ലാ ക്രൈം റെക്കോർഡ് ബ്യൂറോ ഡി.വൈ.എസ്.പി അഷാദ്. എസ്-ന്റെ മേൽനോട്ടത്തിൽ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ചിത്തരഞ്ജൻ. ഐ.സി, സബ് ഇൻസ്പെക്ടർമാരായ നജുമുദ്ധീൻ, അബ്ദുൽ ലത്തീഫ്, സിവിൽ പോലീസ് ഓഫീസർമാരായ ശ്രീപ്രിയ, അരുൺ, റിജിൽ, ജസീം, രഞ്ജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയിൽ നിന്ന് രണ്ട് മൊബൈൽ ഫോണുകൾ പോലീസ് പിടിച്ചെടുത്തു.പോക്സോ നിയമപ്രകാരവും ഇൻഫർമേഷൻ ടെക്നോളജി ആക്ട് പ്രകാരവും കേസെടുത്ത പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇയാൾ മുമ്പ് കഞ്ചാവ് ഉപയോഗവുമായി ബന്ധപ്പെട്ട കേസിലും അറസ്റ്റിലായിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. സൈബർ ലോകത്തെ നിയമ ലംഘനങ്ങൾ തടയുന്നതിനും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി സൈബർ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
