ഒന്നര രൂപയ്ക്കായി ഏഴ് വര്‍ഷം നീണ്ട യുവാവിൻ്റെ പോരാട്ടം; ഗ്യാസ് ഏജന്‍സിക്കെതിരേ അനുകൂല വിധി. ഒന്നര രൂപ എന്നാല്‍ ഒരുപക്ഷേ നമുക്ക് വളരെ ചെറിയ തുകയായിരിക്കാം. പക്ഷേ, മധ്യപ്രദേശ് സ്വദേശിയായ ചക്രേഷ് ജെയിനിനെ സംബന്ധിച്ചിടത്തോളം ഈ നിസാര തുക തന്റെ ഉപഭോക്തൃ അവകാശങ്ങള്‍ക്കായുള്ള പോരാട്ടത്തിന്റെ പ്രതീകമാണ്. ഗ്യാസ് ഏജന്‍സിയില്‍ നിന്ന് ചക്രേഷിന് 1.50 രൂപ നല്‍കാനുണ്ടായിരുന്നു. എന്നാല്‍, അത് അവര്‍ നിഷേധിക്കുകയും തുടര്‍ന്ന് ഏഴുവര്‍ഷത്തോളം നീണ്ട പോരാട്ടത്തിന് ശേഷം ചക്രേഷ് നേടിയെടുക്കുകയുമായിരുന്നു. ഉപഭോക്തൃ ഫോറത്തില്‍ നിന്ന് അനുകൂല വിധി വന്നപ്പോള്‍ അത് അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യത്തിന് കൃത്യമായ ഫലം നല്‍കി.
2017 നവംബര്‍ 14നാണ് ഭാരത് ഗ്യാസ് ഏജന്‍സിയില്‍ ചക്രേഷ് ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്തത്. 753.50 രൂപയായിരുന്നു അതിന്റെ വില. എന്നാല്‍ ഡെലിവറി ചെയ്യുന്നയാള്‍ ചില്ലറയില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ചക്രേഷില്‍ നിന്ന് 755 രൂപ മേടിച്ചു. ബാക്കി തുക തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ വസമ്മതിച്ചു. വീണ്ടും മടക്കി നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഏജന്‍സിയുമായി ബന്ധപ്പെടാനാണ് നിര്‍ദേശിച്ചത്. വൈകാതെ തന്നെ ഏജന്‍സിയിലും ദേശീയ ഉപഭോക്തൃ ഫോറത്തിലും ചക്രേഷ് പരാതി നല്‍കി. ഇത് വര്‍ഷങ്ങളോളം നീണ്ട പോരാട്ടത്തിന് തുടക്കം കുറിച്ചു. ആദ്യം നല്‍കിയ പരാതിയില്‍ യാതൊരു വിധ ഇടപെടലുകളും ഉണ്ടായില്ല. തുടര്‍ന്ന് ചക്രേഷ് 2019 ജൂലൈ 15ന് ജില്ലാ ഉപഭോക്തൃ ഫോറത്തില്‍ കേസ് ഫയല്‍ ചെയ്തു. ഗ്യാസ് ഏജന്‍സി അദ്ദേഹത്തിന്റെ പരാതി നിസ്സാരമായി തള്ളുകയും കേസിന്റെ പുറകെ നടക്കുന്നതിന് പരിഹസിക്കുകയും ചെയ്തു. എന്നാല്‍ അഭിഭാഷനായ രാജേഷ് സിംഗിന്റെ പിന്തുണയോടെ ജെയിന്‍ തന്റെ നീതിക്കുവേണ്ടിയുള്ള പരിശ്രമത്തില്‍ ഉറച്ച നിന്നു.
അഞ്ച് വര്‍ഷത്തോളമാണ് കേസിന്റെ വിചാരണ നീണ്ടുനിന്നത്. തുടര്‍ന്ന് ഉപഭോക്തൃ ഫോണം ഏജന്‍സിയുടെ ഭാഗത്ത് തെറ്റുണ്ടെന്ന് കണ്ടെത്തുകയും സുപ്രധാന വിധി പുറപ്പെടുവിക്കുകയുമായിരുന്നു. 6 ശതമാനം വാര്‍ഷിക പലിശ സഹിതം 1.50 രൂപ തിരികെ നല്‍കണമെന്ന് ഉപഭോക്തൃക്കോടതി ഗ്യാസ് ഏജന്‍സിയോട് ഉത്തരവിട്ടു. ചക്രേഷ് അഭിമുഖീകരിച്ച മാനസിക, സാമ്ബത്തിക, സേവന സംബന്ധമായ ബുദ്ധിമുട്ടുകള്‍ക്ക് നഷ്ടപരിഹാരമായി 2000 രൂപയും ഇതിന് പുറമെ നിയമപരമായ ചെലവുകള്‍ക്കായി 2000 രൂപയും നല്‍കാന്‍ ഏജന്‍സിയോട് നിര്‍ദേശിച്ചു.ഉപഭോക്തൃ അവകാശങ്ങളുടെ പ്രാധാന്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് ഈ കേസ്. ”അത് വെറും 1.50 രൂപയായിരുന്നില്ല. മറിച്ച് നമ്മുടെ അവകാശങ്ങള്‍ക്കും ആത്മാഭിമാനത്തിനും വേണ്ടിയുള്ള പോരാട്ടമായിരുന്നു,” ഉപഭോക്തൃ ഫോറത്തില്‍ നിന്ന് നീതി ലഭിച്ചതിന് പിന്നാലെ ജെയിന്‍ പറഞ്ഞു.