Thursday, January 15News That Matters

ചീഫ്‌ ജസ്‌റ്റിസായി സൂര്യകാന്ത് തിങ്കളാഴ്ച ചുമതലയേൽക്കും

ന്യൂഡൽഹി: സുപ്രീംകോടതിയുടെ 53-ാമത്‌ ചീഫ്‌ ജസ്‌റ്റിസായി സൂര്യകാന്ത് തിങ്കളാഴ്‌ച ചുമതലയേൽക്കും. രാഷ്‌ട്രപതി ഭവനിൽ രാവിലെ പത്തിന്‌ രാഷ്‌ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുക്കും. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ആർട്ടിക്കിൾ 370 റദ്ദാക്കൽ, ബീഹാർ വോട്ടർ പട്ടികാ ഭേദഗതി, പെഗാസസ് ചാര സോഫ്റ്റ്‌വെയർ കേസ് എന്നിവയുൾപ്പെടെ നിരവധി സുപ്രധാന വിധിന്യായങ്ങൾക്കും ഉത്തരവുകൾക്കും ഭാ​ഗമായിരുന്ന ജസ്റ്റിസ് സൂര്യകാന്തിന് 2027 ഫെബ്രുവരി ഒമ്പതു വരെ സർവീസുണ്ട്. ഹരിയാനയിൽ നിന്നു സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്ന ആദ്യ വ്യക്തിയാണ് ജസ്റ്റിസ് സൂര്യകാന്ത്. 38-ാം വയസിൽ ഹരിയാനയിലെ ഏറ്റവും പ്രായം കുറഞ്ഞ അഡ്വക്കറ്റ് ജനറലായി. 42-ാം വയസിൽ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ജഡ്ജിയായി ഉയർത്തപ്പെട്ടു. ഹൈക്കോടതി ജഡ്ജിയായി 14 വർഷത്തിലേറെ സേവനമനുഷ്ഠിച്ചു. 2018 ഒക്ടോബറിൽ ഹിമാചൽ പ്രദേശ് ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി. 2019 മെയ് 24ന് സുപ്രീം കോടതിയിലെത്തി. നിലവിലെ ചീഫ്‌ ജസ്‌റ്റിസ്‌ ഭൂഷൺ ആർ ഗവായി ഞായറാഴ്‌ച വിരമിക്കും. അവസാനപ്രവൃത്തി ദിവസമായിരുന്ന വെള്ളിയാഴ്‌ച അദ്ദേഹത്തിന്‌ യാത്രയയപ്പ്‌ നൽകി. മേയ്‌ പതിനാലിനാണ്‌ ഇന്ത്യയുടെ 52-ാം ചീഫ്‌ ജസ്‌റ്റിസായി അദ്ദേഹം നിയമിക്കപ്പെട്ടത്‌. ആറുമാസത്തോളം പദവിയിൽ തുടർന്നു. മലയാളിയായ കെ ജി ബാലകൃഷ്‌ണന്‌ ശേഷം ദളിത്‌ വിഭാഗത്തിൽ നിന്ന ചീഫ്‌ ജസ്‌റ്റിസാകുന്ന രണ്ടാമത്തെ വ്യക്തിയും ആദ്യബുദ്ധമത വിശ്വാസിയുമാണ്‌.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version