നിലമ്പൂർ: ഭിന്നശേഷി കുട്ടികൾക്ക് പിന്തുണയും ആത്മവിശ്വാസവും പകർന്നു നൽകി അവരുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ കൈത്താങ്ങുമായി സമഗ്ര ശിക്ഷ കേരളം. സമഗ്ര ശിക്ഷ കേരളം നിലമ്പൂർ ബി.ആർ.സി.യുടെ നേതൃത്വത്തിൽ നിലമ്പൂർ ഉപജില്ലയിലെ ഗോത്ര വിഭാഗം ഭിന്നശേഷി കുട്ടികളുടെ ആകാശ യാത്ര ഉൾച്ചേർന്ന വിദ്യാഭ്യാസത്തിന് മാതൃകയാവുന്നു. പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗം കുട്ടികളെ ചേർത്തുനിർത്തുന്നതിനും സാമൂഹ്യ പങ്കാളിത്തത്തോടെ അവരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനുമുള്ള നിലമ്പൂർ ബി.ആർ.സി.യുടെ തനത് പരിപാടിയാണ് ഉയരെ 2K24. നിലമ്പൂരിലെ മലയോര മേഖലയിൽ കുട്ടികളുടെ കൊഴിഞ്ഞുപോക്ക് കുറയ്ക്കുക, ഭിന്നശേഷി കുട്ടികൾക്ക് ആത്മവിശ്വാസവും പ്രചോദനവും നൽകിക്കൊണ്ട് അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നീ ലക്ഷ്യങ്ങളോടെ സാമൂഹിക പങ്കാളിത്തത്തോടെയാണ് ഗോത്രമേഖലയിലെ ഭിന്നശേഷി കുട്ടികളുടെ ആകാശയാത്ര യാഥാർത്ഥ്യമാക്കിയത്. കരുളായി മുണ്ടക്കടവ് ഉന്നതിയിലെ മോഹനന്റെയും ഗീതയുടെയും മകൾ മോഹിനി,പോത്തുകല്ല് അപ്പൻകാപ്പ് ഉന്നതിയിലെ സുനിൽ ബാബുവിന്റെയും രാധികയുടെയും മകൻ രാഹുൽ, ചുങ്കത്തറ വളനോട് ഉന്നതിയിലെ രാജന്റെയും അംബികയുടെയും മകൻ വിഷ്ണു ആർ, പള്ളിക്കുത്ത് ഉന്നതിയിലെ ചന്ദ്രന്റെയും ബിന്ദുവിന്റെയും മകൻ കൃതിൻ കെ, മുണ്ടാന്തോട് ഉന്നതിയിലെ സുരേഷ് ബാബുവിൻ്റെയും സരോജിനിയുടെയും മകൻ ശിശോബ് എന്നിവർ ഉൾപ്പെടെ 8 ഭിന്നശേഷി വിദ്യാർഥികളും ഒരു രക്ഷിതാവും അധ്യാപകരും ഉൾപ്പെടെ 25 പേരാണ് ഉയരെ 2K24 എന്ന പേരിൽ സംഘടിപ്പിച്ച സ്വപ്നയാത്രയിൽ പങ്കെടുത്തത്. നിലമ്പൂരിൽ നിന്നും കരിപ്പൂര് വരെ റോഡ് മാർഗ്ഗവും കരിപ്പൂരിൽ നിന്ന് കൊച്ചി വരെ വിമാനത്തിലുമായിരുന്നു യാത്ര. കൊച്ചി മെട്രോ, സാഗര റാണി, വാട്ടർ മെട്രോ, മറൈൻഡ്രൈവ്, ലുലു മാൾ എന്നീ സ്ഥലങ്ങൾ സന്ദർശിച്ച് എറണാകുളത്തു നിന്നും നിലമ്പൂരിലേക്ക് രാജ്യറാണി എക്സ്പ്രസിൽ മടക്കയാത്ര. തൃപ്പൂണിത്തറ ഹിൽപാലസ്, ലുലു മാൾ, മറൈൻഡ്രൈവ്, വിവിധ പാർക്കുകൾ എന്നിവിടങ്ങളിലും കുട്ടികൾ സന്ദർശനം നടത്തി.
ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നേടുന്ന ഒരു കുട്ടി ഉൾപ്പെടെ രണ്ടു കുട്ടികൾ വീൽചെയറിന്റെ സഹായത്തോടെയാണ് യാത്രയിൽ പങ്കെടുത്തത്. നിലമ്പൂർ നഗരസഭ ചെയർമാൻ മാട്ടുമ്മൽ സലീം ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് യാത്ര ഉദ്ഘാടനം ചെയ്തു. സമഗ്ര ശിക്ഷാ കേരളം എറണാകുളം ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ ഡോ. ബിനോയ് കെ ജോസഫ്, പ്രോഗ്രാം ഓഫീസർമാരായ ദീപ ദേവി വി ആർ, ജോസഫ് വർഗീസ് എം എന്നിവർ കുട്ടികളെ എയർപോർട്ടിൽ സ്വാഗതം ചെയ്തു. നിലമ്പൂർ ബ്ലോക്ക് പ്രോജക്ട് കോ-ഓർഡിനേറ്റർ മനോജ് കുമാർ, ബി ആർ സി ട്രെയിനർമാരായ ഷീജ എംപി, ജയൻ എ എന്നിവരും സ്പെഷ്യൽ എഡ്യൂക്കേറ്റർ മാരായ സബിത്ത് ജോൺ, വിവാസ് റോഷൻ, ദീപ ജോസ്, സജിൻ എസ്, ദിവ്യ ജി എസ് എന്നിവർ യാത്രയ്ക്ക് നേതൃത്വം നൽകി.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com