Sunday, September 13News That Matters

ബാംഗ്ലൂരിൽ നിന്ന് എം.ഡി.എം.എ കടത്തിയ കേസ്: മുഖ്യ സൂത്രധാരൻ അറസ്റ്റിൽ

എടക്കര: വിൽപ്പനയ്ക്കായി ബാംഗ്ലൂരിൽ നിന്നും കാറിൽ കടത്തിക്കൊണ്ടുവന്ന 100 ഗ്രാം എം.ഡി.എം.എ പിടികൂടിയ സംഭവത്തിൽ മുഖ്യ സൂത്രധാരൻ അറസ്റ്റിൽ. പത്തിരിയാൽ വട്ടപറമ്പ് മൂത്തേടം വെള്ളേമ്പാടം സ്വദേശി പൂള അമ്പർ സാദത്ത് എന്ന അൻവറിനെയാണ് എടക്കര സി.ഐ ഇ. ബാബു അറസ്റ്റ് ചെയ്തത്. ജൂലൈ 25-ന് രാത്രി വഴിക്കടവ് ആനമറി ചെക്ക് പോസ്റ്റിൽ വെച്ച് 100 ഗ്രാം എം.ഡി.എം.എയുമായി എളങ്കൂർ സ്വദേശി സൈഫുദ്ദീൻ, ചുങ്കത്തറ സ്വദേശി റിയാസ് അലി എന്നിവരെ ഡാൻസാഫ് ടീം അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് മയക്കുമരുന്ന് കടത്തിന് പിന്നിൽ സാദത്താണെന്ന് വ്യക്തമായത്. സൈഫുദ്ദീനും റിയാസും ക്യാരിയർമാർ മാത്രമായിരുന്നു. സാദത്താണ് പണം മുടക്കിയതെന്നും ബാംഗ്ലൂരിൽ നിന്നും മയക്കുമരുന്ന് സംഘടിപ്പിച്ച് നൽകിയതെന്നും അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് വീട്ടിൽ വെച്ച് ഇയാളെ കസ്റ്റഡിയിലെടുത്തത്. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന യുവാക്കളെ പ്രലോഭിപ്പിച്ച് ക്യാരിയർമാരാക്കുകയാണ് ഇയാളുടെ രീതി. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച വാഹനം അടുത്തിടെ സാദത്ത് സൈഫുദ്ദീന്റെ പേരിൽ വാങ്ങിയതാണെന്നും പൊലീസ് കണ്ടെത്തി. ദീർഘകാലം പ്രവാസിയായിരുന്ന പ്രതി നാട്ടിലെത്തി മയക്കുമരുന്ന് കച്ചവടത്തിലേക്ക് തിരിയുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്.സി.പി.ഒ കെ. പ്രിൻസ്, ഡാൻസാഫ് അംഗങ്ങളായ സുനിൽ മമ്പാട്, അഭിലാഷ് കൈപ്പിനി, കെ.ടി ആഷിഫ് അലി, നിബിൻദാസ് ടി, ജിയോ ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് തുടരന്വേഷണം നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version